KeralaLatest NewsNews

മറിയക്കുട്ടി എന്തിനാ ഇത്ര തുള്ളുന്നത്? പെന്‍ഷന്‍ വര്‍ധിപ്പിച്ചത് പിണറായി, ഓര്‍മകള്‍ ഉണ്ടായിരിക്കണം;താക്കീതുമായി മന്ത്രി

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ നല്‍കാത്തതിനെതിരെ ഹൈക്കോടതിയെ സമീപിച്ച മറിയക്കുട്ടിയെ അധിക്ഷേപിച്ച് മന്ത്രി സജി ചെറിയാന്‍. പെന്‍ഷന്‍ വിഷയത്തില്‍ മറിയക്കുട്ടി ഇപ്പോള്‍ തുള്ളുകയാണെന്നും, എന്റെ വല്യമ്മയുടെ പ്രായം അവര്‍ക്കുണ്ട്. അതുകൊണ്ട് താൻ അവരെ വേറെയൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

‘മറിയക്കുട്ടിയാണ് ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ച. അവര്‍ക്ക് സര്‍ക്കാര്‍ എതിരല്ല, പക്ഷേ, കാര്യങ്ങള്‍ എല്ലാവരും മനസിലാക്കണം. നവകേരള സദസ്സില്‍ രാഷ്ട്രീയം പറയേണ്ട എന്നു വിചാരിച്ചാണ് തുടങ്ങിയത്. പ്രതിപക്ഷ നിലപാടുകൊണ്ട് രാഷ്ട്രീയം പറഞ്ഞുപോകുന്നതാണ്. കേരളത്തില്‍ വി.എസ്. അച്യുതാനന്ദന്റെ കാലത്തു കൊടുത്തിരുന്ന 500 രൂപ പെന്‍ഷനില്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 100 രൂപയേ വര്‍ധിപ്പിച്ചുള്ളൂ. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് വരെ 600 രൂപയാണ് നല്‍കിയിരുന്നത്. പിന്നീട് വന്ന പിണറായി വിജയന്‍ സര്‍ക്കാരാണ് അത് 1600 രൂപയാക്കി വര്‍ധിപ്പിച്ചത്. ഇക്കാര്യം ഓര്‍മയുണ്ടാകണം.

നിങ്ങളെ തുള്ളിക്കുന്ന, നിങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരോട് ചോദിക്കണം, 100 രൂപയല്ലേ അവരുടെ കാലത്ത് കൂട്ടിത്തന്നുള്ളൂവെന്ന്. കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട 60,000 കോടി രൂപ ഇവിടെ തരേണ്ടത് തരാതെ വന്നപ്പോഴാണ് കുടിശിക വന്നിരിക്കുന്നത്. ഈ ബാധ്യത, പെന്‍ഷനെ ബാധിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കും. സര്‍ക്കാര്‍ ജീവനക്കാരായി പെന്‍ഷന്‍ പറ്റിയവരെ ബാധിക്കും. ജനപ്രതിനിധികളുടെ അലവന്‍സിനെ വരെ ബാധിക്കും’, സജി ചെറിയാന്‍ പറഞ്ഞു.

അതേസമയം, പെന്‍ഷന്‍ കുടിശ്ശിക കിട്ടാനുള്ള തന്റെ പോരാട്ടം എല്ലാവര്‍ക്കും വേണ്ടിയാണെന്ന് മറിയക്കുട്ടി പറഞ്ഞു. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ മറുപടിയില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. സര്‍ക്കാര്‍ തന്നെ കളിയാക്കി. അത് ഇന്നും ഇന്നലയും തുടങ്ങിയതല്ലല്ലോയെന്നും, ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന സര്‍ക്കാര്‍ വാദത്തോട് പ്രതികരിക്കവെ അവര്‍ ചോദിച്ചു. സർക്കാരിന്റെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്നായിരുന്നു ​ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിമർശനം. ഇവരെപ്പോലുളള സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്നും കോടതി ആരാഞ്ഞു. എന്നാണ് പെൻഷൻ കൊടുക്കാൻ കഴിയുക എന്നും കോടതി ചോദിച്ചു. ആഘോഷങ്ങൾക്ക് മാത്രം സർക്കാരിന്റെ കയ്യിൽ പണമുണ്ടല്ലോ എന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button