കൊച്ചി: എം.വി ഗോവിന്ദനെ തനിക്കറിയില്ലെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ഏതെങ്കിലും കേസില്‍ക്കുടുക്കി തന്നെ നിശബ്ദമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ അറിയില്ലെന്നും അങ്ങനെയൊരാളെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കേണ്ട ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി. അപകീര്‍ത്തി കേസിലെ ചോദ്യം ചെയ്യലിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന.
കേന്ദ്രസര്‍ക്കാറില്‍ നിന്നും ആരുടെയൊക്കെ സഹായമാണ് ലഭിക്കുന്നത്, പ്രാദേശിക പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍ എന്തൊക്കെയാണ് തുടങ്ങി കേസുമായി ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാണ് ഇന്ന് തന്നോട് ചോദിച്ചതെന്ന് സ്വപ്ന പറയുന്നു. കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ കാണുന്നതെന്നും സ്വപ്ന ആരോപിച്ചു. ഭയപ്പെടുത്തി പിന്നോട്ട് വലിക്കാനുള്ള ശ്രമമാണെങ്കില്‍ അത് നടക്കില്ല. നീതി കിട്ടുന്നത് വരെ ഞാന്‍ പോരാടുമെന്നും അവര്‍ പറഞ്ഞു.
‘ഈ രാജ്യത്ത് ജീവിക്കുന്നത് അപകടമാണെന്നും അതിനാല്‍ നാടുവിടണമെന്നും അതിന് 30 ലക്ഷം രൂപ നല്‍കാമെന്നും എന്റെയടുത്ത് വന്നുപറഞ്ഞത് വിജേഷ് പിള്ളയാണ്. എനിക്ക് താത്പര്യമുള്ള രാജ്യത്തേക്ക് പോകാമെന്നും പാസ്‌പോര്‍ട്ട് നല്‍കാമെന്നും അയാള്‍ പറഞ്ഞു. ഗോവിന്ദന്‍ മാഷ് പറഞ്ഞുവിട്ടതാണെന്നും, അദ്ദേഹം അയല്‍വാസിയാണെന്നും അദ്ദേഹത്തിന്റെ മകന്‍ സുഹൃത്താണെന്നുമൊക്കെ പറഞ്ഞതും വിജേഷ് തന്നെയാണ്. അല്ലാതെ ഗോവിന്ദന്‍ മാഷ് ആരാണെന്നും, എവിടെയാണ് ജീവിക്കുന്നതെന്നും എനിക്കറിയില്ല. അറിയാത്ത ഒരാളെക്കുറിച്ച് എനിക്ക് ആരോപണങ്ങള്‍ ഉന്നയിക്കേണ്ട ആവശ്യമില്ല. രാഷ്ട്രീയത്തില്‍ ഭാഗമല്ലാത്തതിനാല്‍ ഗോവിന്ദന്‍ എന്ന വ്യക്തിയെ എനിക്ക് അറിയില്ലെന്ന് പറയുമ്പോള്‍ അദ്ദേഹം മുന്‍മന്ത്രിയാണെന്നും എങ്ങനെയാണ് അറിയാതിരിക്കുന്നതെന്നുമാണ് അവർ ചോദിക്കുന്നത്’, സ്വപ്ന പറഞ്ഞു.
Post Your Comments