Latest NewsNewsIndia

ഇനി തട്ടിപ്പൊന്നും നടക്കില്ല; രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും ഇത് ബാധകം

ന്യൂഡൽഹി: മലിനീകരണ നിയന്ത്രണത്തില്‍ ശക്തമായ നയം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇനി വാഹനങ്ങളുടെ പുക പരിശോധന നടത്തിയാല്‍ മാത്രം പോര, പരിശോധനയുടെ വീഡിയോ ചിത്രീകരിക്കുകയും വേണമെന്ന് കേന്ദ്രം. പുക പരിശോധന നടത്തുന്ന വീഡിയോ ചിത്രീകരിച്ചാൽ മാത്രമേ ഇതിന് സാധുത ഉണ്ടാവുകയുള്ളൂ. വീഡിയോ വെറുതെ ചിത്രീകരിച്ചാല്‍ മാത്രം പോര, സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് വീഡിയോ സര്‍ക്കാരിന്റെ പരിവാഹന്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുകയും വേണം. രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്.

ചില പുക പരിശോധന കേന്ദ്രങ്ങള്‍ വാഹനം പരിശോധിക്കുക പോലും ചെയ്യാതെ സര്‍ട്ടിഫിക്കറ്റ് നൽകാറുണ്ട്. ഇതിനെ ചൊല്ലി വ്യാപകമായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയത്. തട്ടിപ്പുകള്‍ തടയുകയും പരിശോധനകളിലെ കൃത്യത ഉറപ്പുവരുത്താനുമാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന മലിനീകരണം നിയന്ത്രണ വിധേയമാക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. ഒരോ വര്‍ഷവും ഇന്ത്യന്‍ നിരത്തില്‍ എത്തുന്ന വാഹനങ്ങളുടെ എണ്ണം വലിയ തോതിലാണ് വര്‍ധിക്കുന്നത്. അതിനാൽ നിയമം കർശനമായി നടപ്പാക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം.

പുതിയതായി രജിസ്റ്റർ ചെയ്യുന്ന വാഹനം ആദ്യ വര്‍ഷം പുക പരിശോധന പരിശോധന നടത്തേണ്ടതില്ല. എന്നാൽ ഇത് കഴിഞ്ഞ് കൃത്യമായ ഇടവേളകളില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എഞ്ചിനിലെ ജ്വലനത്തിന് ശേഷം വാഹനം പുറന്തളളുന്ന പുകയിലെ കാര്‍ബണിന്റെ അളവിനെയാണ് പൊലൂഷന്‍ ടെസ്റ്റിലൂടെ കണ്ടെത്തുന്നത്. എല്ലാ വാഹനങ്ങളും പുറന്തള്ളുന്ന പുകയില്‍ കാര്‍ബണ്‍ അടങ്ങിയിട്ടുണ്ടാകും. അതിന് പരിധിയും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. വാഹനത്തിന്റെ എമിഷന്‍ പരിധിക്കുള്ളിലാണ് എന്ന് പുക പരിശോധ സര്‍ട്ടിഫിക്കറ്റ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button