Latest NewsIndia

കേന്ദ്രസർക്കാരിന്റെ പുതുവത്സര സമ്മാനം: രാജ്യത്തെ പെട്രോൾ – ഡീസൽ വിലയിൽ വൻ കുറവ് വരുന്നു; ജനപ്രിയ പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി: ജനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ പുതുവർഷ സമ്മാനം ഉടനെന്ന് റിപ്പോർട്ട്. രാജ്യത്തെ ഇന്ധനവിലയിൽ വൻ കുറവ് വരുത്താനാണ് കേന്ദ്രസർക്കാർ നീക്കം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെട്രോൾ ഡീസലിൽ വിലയിൽ പത്ത് രൂപയോളം കുറവ് വരുത്തുമെന്നാണ് സൂചന. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് കേന്ദ്രനീക്കം. പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ കേന്ദ്ര ധനമന്ത്രാലയം നടപടികൾ ആരംഭിച്ചെന്ന് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.

പെട്രോൾ ഡീസലിൽ വിലയിൽ ഏകദേശം 10 രൂപയോളം കുറയ്ക്കും. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്ന് ഉടൻ വരുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യത്ത് പെട്രോൾ, ഡീസൽ വില മുകളിലേക്ക് മാത്രമാണ് കുതിക്കുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോൾ വില മൂന്ന് അക്കത്തിലാണ്. കോവിഡ് മഹാമാരിയും റഷ്യ-ഉക്രെയ്ൻ യുദ്ധവും മൂലമുണ്ടായ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ക്രൂഡ് ഓയിൽ വില ഉയരുന്നതിലേക്ക് നയിച്ച ഒരു ഘട്ടത്തിൽ വില ലിറ്ററിന് 110 രൂപ വരെ എത്തിയിരുന്നു.

ഓരോ സംസ്ഥാന സർക്കാരും വ്യത്യസ്‌തമായ നികുതികളും സെസും ചുമത്തുന്നതിനാൽ വാഹന ഇന്ധനത്തിന്റെ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടും. ഉദാഹരണത്തിന് ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.71 രൂപയും ഡീസലിന് 89.62 രൂപയുമാണ് . എന്നാൽ മുംബൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 106.31 രൂപയും 92.78 രൂപയുമാണ് . ഏകദേശം രണ്ട് വർഷം മുമ്പ് സെൻട്രൽ എക്സൈസ് പോളിസിയിൽ യഥാക്രമം എട്ട് രൂപയും ആറ് രൂപയും കുറച്ചപ്പോഴാണ് പെട്രോളിനും ഡീസലിനും ഇതിന് മുമ്പ് വില കുത്തനെ കുറഞ്ഞത് .

നിലവിൽ, ആഗോള ക്രൂഡ് വില കുത്തനെ ഇടിയുകയാണ്. ഇതും ആഭ്യന്തര ഇന്ത്യൻ വിപണിയിൽ വില കുറയ്ക്കാൻ സർക്കാരിന് സഹായകമാകും. 2023-ൽ എണ്ണവില 10 ശതമാനം കുറഞ്ഞ് അവസാനിക്കാൻ സാധ്യതയുണ്ടെന്നും രണ്ട് വർഷത്തിനിടെ ഇത് ആദ്യത്തെ വാർഷിക ഇടിവായിരിക്കുമെന്നും റോയിട്ടേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്‍തിരുന്നു. കലണ്ടർ വർഷത്തിലെ അവസാന വ്യാപാര ദിനമായ വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 77.63 ഡോളറായിരുന്നു. ലോകമെമ്പാടുമുള്ള എണ്ണ ഉൽപ്പാദിപ്പിക്കുന്ന പല രാജ്യങ്ങളും ഉൽപ്പാദനം വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും ഇത് വില വർദ്ധിപ്പിക്കാൻ സഹായിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button