KeralaLatest NewsNews

‘5 പശുക്കളെ നൽകും’; കുട്ടികർഷകരെ സന്ദർശിച്ച് മന്ത്രിമാരായ റോഷി അ​ഗസ്റ്റിനും ചിഞ്ചു റാണിയും

ഇടുക്കി: ഇടുക്കി വെള്ളിയാമറ്റത്ത് 13 പശുക്കൾ കൂട്ടത്തോടെ ചത്തതിന്റെ വേദനയിൽ കഴിയുന്ന കുട്ടിക്കർഷകരായ മാത്യുവിന്റെയും ജോർജ്കുട്ടിയുടേയും വീട്ടിലെത്തി മന്ത്രിമാരായ റോഷി അഗസ്റ്റിനും ചിഞ്ചുറാണിയും. മാത്യുവിന് ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടൻ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. മൂന്നാറിലും മാട്ടുപ്പെട്ടിയിലും ഉള്ള സർക്കാരിന്റെ കേന്ദ്രങ്ങളിൽ നിന്നാണ് ഉന്നത നിലവാരത്തിൽ ഉള്ള പശുക്കളെ നൽകുക. ഇവയ്ക്ക് ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കും.

ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നൽകാനും തീരുമാനിച്ചു. അടിയന്തര സഹായമായി മിൽമ 45000 രൂപ നൽകും. സർക്കാർ മാത്യുവിനും കുടുംബത്തിനും ഒപ്പമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വലിയ ദുരന്തമാണ് സംഭവിച്ചത്. കൂടുതൽ സഹായം നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രിമാർ കൂട്ടിച്ചേർത്തു.

അതേസമയം, ഡിസംബര്‍ മുപ്പത്തിയൊന്ന് രാത്രിയും ഒന്നാം തീയതി പുലര്‍ച്ചെയുമായാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തത്. ഞായറാഴ്ച വൈകുന്നേരം പുതുവത്സരവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ പുറത്തു പോയിരുന്നു. രാത്രി എട്ടോടെ തിരിച്ചു വന്നതിനു ശേഷം പശുക്കള്‍ക്ക് തീറ്റ കൊടുത്തു. ഇതില്‍ മരച്ചീനിയുടെ തൊലിയും ഉള്‍പ്പെട്ടിരുന്നതായി പറയുന്നു. ഏതാനും സമയം കഴിഞ്ഞതോടെ പശുക്കള്‍ ഒന്നൊന്നായി തളര്‍ന്നു വീഴുകയും പിന്നീട് ചാകുകയുമായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാര്‍ ഓടിയെത്തി. ഇവര്‍ വിവരം അറിയിച്ചത് പ്രകാരം വെറ്റിനറി ഡോക്ടര്‍മാരായ ഗദ്ദാഫി, ക്ലിന്റ്, സാനി, ജോര്‍ജിന്‍ എന്നിവര്‍ സ്ഥലത്തെത്തി മരുന്ന് നല്‍കിയെങ്കിലും, കുട്ടികളെയും ചേർത്ത് 20ഓളം പശുക്കള്‍ ചത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button