KeralaLife StyleNews Story

നീല, ചുവപ്പ്, പച്ച, എന്നിങ്ങനെ നിമിഷ നേരം കൊണ്ട് ഓന്ത് നിറം മാറുന്നത് എങ്ങനെ? അറിയാം ചില രഹസ്യങ്ങൾ

അഭിപ്രായങ്ങൾ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുന്ന ഒരാളെക്കുറിച്ച് അയാൾ ഓന്തിനെപ്പോലെയാണെന്ന് നമ്മൾ പറയാറുണ്ട്. ഇടയ്ക്കിടെ നിറംമാറുന്ന സ്വഭാവവിശേഷമാണ് ഓന്തിനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഉരഗവർഗത്തിലെ പല്ലികുടുംബത്തിൽപ്പെടുന്ന ജീവിവിഭാഗമാണ് ഓന്ത്. ഇവയുടെ നിറംമാറാനുള്ള കഴിവ് പ്രസിദ്ധമാണ്. മുന്നിലേക്കും പിന്നിലേക്കും തിരിഞ്ഞിരിക്കുന്ന വിരലുകളാണ് ഓന്തുകളുടേത്.

നീളമേറിയ നാവ്, ചുറ്റിപ്പിടിക്കാൻ സാധിക്കുന്ന വാൽ തുടങ്ങിയവയൊക്കെ ഓന്തിന്റെ പ്രത്യേകതയാണ്.  പകൽസഞ്ചാരികളാണ് ഇവ . മരം കയറുന്നതിനും കാഴ്ചയെ ആശ്രയിച്ച് ഇരപിടിക്കുന്നതിനും പരിണാമത്തിലൂടെ കഴിവുനേടിയ ജീവിവർഗമാണ് ഓന്തുകൾ. ഓന്തുകളുടെ നിറം മാറാനുള്ള കഴിവ് മനുഷ്യർക്ക് എപ്പോഴും കൗതുകമാണ്.

ഉയരമേറിയ മരങ്ങളിൽ തവിട്ടുനിറത്തിലുള്ള ശാഖകൾക്കും പച്ച ഇലകൾക്കും ഇടയിലാണ് ഓന്തുകൾ കൂടുതൽ സമയം ചെലവഴിക്കുന്നത്. അവരുടെ സ്വന്തം പച്ച, തവിട്ട് നിറങ്ങൾ ഇലകളുടെയും ശാഖകളുടെയും പശ്ചാത്തലത്തിൽ ലയിപ്പിക്കാൻ സഹായിക്കുന്നുണ്ടെങ്കിലും നിറം മാറാനുള്ള അവയുടെ കഴിവ് അതിനായി രൂപപ്പെട്ടതല്ല. സമീപകാല ഗവേഷണങ്ങൾപ്രകാരം, ഓന്ത് നിറം മാറുന്നത് പ്രധാനമായും രണ്ട് ആവശ്യങ്ങൾക്കാണ്.

ആശയവിനിമയത്തിനും താപനില നിയന്ത്രിക്കുന്നതിനും. ഹോർമോണുകൾ, താപനില, സ്വതന്ത്രനാഡീവ്യൂഹം തുടങ്ങിയവയുടെ സങ്കീർണമായ പ്രതിപ്രവർത്തനമാണ് ഇവയുടെ ഒരു പ്രത്യേകസമയത്തെ നിറം നിയന്ത്രിക്കുന്നത്. പ്രകാശം, താപനിലപോലുള്ള പാരിസ്ഥിതികഘടകങ്ങളും, ഭയം, മറ്റൊരു ഓന്തുമായുള്ള യുദ്ധത്തിലെ വിജയപരാജയങ്ങൾ, ഇണയെ ആകർഷിക്കൽ തുടങ്ങിയ വൈകാരിക ഘടകങ്ങളുമാണ് ഇതിന്റെ നിറം മാറ്റത്തിന് പിന്നിൽ.

ഓന്തുകളുടെ തൊലിയിൽ ഇറിഡോഫോറുകൾ എന്ന സവിശേഷതരത്തിലുള്ള രണ്ടു പാളികോശങ്ങൾ കാണപ്പെടുന്നു. ഈ ഇറിഡോഫോറുകളിൽ വ്യത്യസ്ത തരംഗദൈർഘ്യമുള്ള പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന പിഗ്മെന്റുകളും നാനോക്രിസ്റ്റലുകളും ഉണ്ട്. ഇവയ്ക്ക് ചർമത്തെ വികസിപ്പിക്കുന്നതിനും സങ്കോചിപ്പിക്കുന്നതിനും സാധിക്കും.ഓന്ത് വിശ്രമാവസ്ഥയിൽ ആയിരിക്കുമ്പോൾ ചർമത്തിലെ നാനോക്രിസ്റ്റലുകൾ പരസ്പരം അടുത്തുനിൽക്കുന്നു.

അപ്പോൾ നീലപോലെ കുറഞ്ഞ തരംഗദൈർഘ്യമുള്ള നിറം പ്രതിഫലിപ്പിക്കും. ഉത്തേജിതാവസ്ഥയിൽ നാനോക്രിസ്റ്റലുകൾ തമ്മിലുള്ള അകലം വർധിക്കുകയും അവ ചുവപ്പ്, ഓറഞ്ച് എന്നിങ്ങനെ തരംഗദൈർഘ്യം കൂടുതലുള്ള നിറം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഓന്തിന്റെ പച്ചനിറത്തിന് കാരണം സാന്തോഫോറിൽനിന്ന് പ്രതിഫലിക്കുന്ന മഞ്ഞനിറവും ഇറിഡോഫോറിൽനിന്ന് പ്രതിഫലിക്കുന്ന നീലനിറവും ചേരുന്നതാണ്.

shortlink

Post Your Comments


Back to top button