Latest NewsKeralaIndia

3 ഏജൻസികൾ അന്വേഷിച്ചിട്ടും കണ്ടുപിടിക്കാത്തതാണ് പ്രധാനമന്ത്രി പറഞ്ഞത്: സ്വർണ്ണക്കടത്ത് കേസിൽ തെളിവ് നൽകണമെന്ന് ബാലൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ സിപിഎം നേതാവ് എ കെ ബാലൻ. ‘മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന അതീവ ഗുരുതര ആരോപണമാണ്. മൂന്ന് കേന്ദ്ര ഏജൻസികൾ കുറ്റപത്രം നൽകിയിട്ടും കണ്ടു പിടിക്കാത്ത കാര്യമാണ് മോദി പറഞ്ഞത്.’

‘മുഖ്യമന്ത്രിയാണ് സ്വർണക്കടത്ത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിക്ക് പോലും ഏജൻസികളെ വിശ്വാസമില്ലേ’ എന്നും എകെ ബാലൻ ചോദിച്ചു. അന്വേഷണ ഏജൻസികൾ മുൻപാകെ പ്രധാനമന്ത്രി തെളിവ് നൽകണമെന്നും എകെ ബാലൻ ആവശ്യപ്പെട്ടു. തൃശ്ശൂരിൽ നടത്തിയ പ്രസംഗത്തിൽ ‘സ്വര്‍ണക്കടത്ത് ഓഫീസ് എല്ലാവര്‍ക്കുമറിയാം’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇത് കേരളത്തിൽ വീണ്ടും സ്വർണക്കടത്ത് കേസ് ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. കള്ളക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും കേന്ദ്ര ഏജൻസികൾ എന്തുകൊണ്ടാണ് അവിടെ റെയ്ഡ് നടത്താതിരുന്നതെന്ന് വിഡി സതീശൻ കഴിഞ്ഞ ദിവസം ചോദിച്ചു. രാജ്യത്തെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും സഹപ്രവർത്തകരുടെയും ഓഫീസുകൾ കേന്ദ്ര ഏജൻസി റെയ്ഡ് ചെയ്യുകയാണ്. എന്നിട്ടും കേരളത്തിൽ സിപിഎമ്മുമായി സംഘപരിവാർ സന്ധി ചെയ്തത് എന്തുകൊണ്ടാണ്?

സ്വർണക്കള്ളക്കടത്ത് നടത്തിയെന്ന് പ്രധാനമന്ത്രിക്ക് ബോധ്യമുള്ള ഒരു ഓഫീസിനെ എന്തുകൊണ്ടാണ് വെറുതെ വിട്ടത്. അന്ന് നടപടി എടുത്തിരുന്നെങ്കിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയേനെ. ഈ യാഥാർത്ഥ്യം മനസിലാക്കിയാണ് സിപിഎമ്മും ബിജെപിയും പരസ്പര ധാരണയിലെത്തിയത്. ബിജെപിക്കെതിരായ കുഴൽപണ കേസിൽ സംസ്ഥാന നേതൃത്വത്തെ കേരള സർക്കാർ സഹായിച്ചുവെന്നും സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികളും സംരക്ഷിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button