Latest NewsKeralaNews

വ്യാപാരിയുടെ കൊല, പിടിയിലായ മുരുകന്‍ കൊടുംകുറ്റവാളി: കടയില്‍ സാധനം വാങ്ങാനെത്തിയ ഓട്ടോ ഡ്രൈവര്‍ പ്രധാന കണ്ണി

പത്തനംതിട്ട:പത്തനംതിട്ട മൈലപ്രയില്‍ കടയ്ക്കുള്ളില്‍ വ്യാപാരിയെ കൊലപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ പ്രതികള്‍ അഞ്ച് പേരെന്ന് പൊലീസ്. തമിഴ്‌നാട്ടിലെ കൊടുംകുറ്റവാളി മദ്രാസ് മുരുകനെന്ന മുരുകനാണ് മുഖ്യസൂത്രധാരനെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്ത് പറഞ്ഞു. വലഞ്ചുഴി സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ ഹരീബ്, നിയാസ് എന്നിവരെ കൂടാതെ ബാലസുബ്രമണ്യന്‍, മുത്തുകുമാര്‍ എന്നീ തമിഴ്‌നാട് സ്വദേശികളും പ്രതികളാണ്. നാലു പേരാണ് നിലവില്‍ പിടിയിലായത്.

Read Also: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ്, മന്ത്രി കെ.ബി ഗണേഷ് കുമാറിന് ക്ഷണം

പ്രതികളിലൊരാളായ മുത്തുകുമാര്‍ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കി. ഒരു മാസം മുന്‍പ് മൈലപ്രയിലെ ജോര്‍ജ് ഉണ്ണുണ്ണിയുടെ കടയില്‍ സാധനം വാങ്ങാന്‍ പത്തനംതിട്ട വലഞ്ചുഴി സ്വദേശി ഹരീബ് എത്തിയിരുന്നു. വ്യാപാരിയുടെ കഴുത്തില്‍ കിടന്ന മാലയും കടയിലെ പണവും ഇയാള്‍ നോക്കിവെച്ചു. തമിഴ്‌നാട്ടിലെ ജയിലില്‍ കിടന്നപ്പോള്‍ പരിചയപ്പെട്ട മദ്രാസ് മുരുകനെന്ന മുരുകനെ ഇക്കാര്യം അറിയിച്ചു.

ബാലസുബ്രമണ്യനെയും മുത്തുകുമാറിനെയും കൂട്ടി മുരുകന്‍ പത്തനംതിട്ടയിലെത്തി. കൊലപാതകം ആസൂത്രണം ചെയ്തു. ഡിസംബര്‍ 30ന് വൈകീട്ടോടെ ഹരീബിന്റെ ഓട്ടോയില്‍ പ്രതികള്‍ കടയിലെത്തി. വ്യാപാരിയുടെ കൈകാലുകള്‍ ബലമായി കെട്ടി വായില്‍ തുണിതിരുകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഒന്‍പത് പവന്റെ മാലയും പോക്കറ്റിലുണ്ടായിരുന്ന അമ്പതിനായിരം രൂപയും കവര്‍ന്നു. കൃത്യം നടത്തിയ ശേഷം മുരുകനും ബാലസുബ്രമണ്യനും മുത്തുകുമാറും തമിഴ്‌നാട്ടിലേക്ക് കടന്നു. വലഞ്ചുഴി സ്വദശിയായ നിയാസ് അന്നു രാത്രി തന്നെ നഗരത്തിലെ ജ്വല്ലറിയില്‍ സ്വര്‍ണ്ണ മാല വിറ്റു പണമാക്കിയെന്നും ജില്ലാ പൊലീസ് മേധാവി വി അജിത്ത് പറഞ്ഞു.

കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ എടുത്ത മാറ്റിയുള്ള കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസ് ഏറെ പ്രയാസപ്പെട്ടു. ഒടുവില്‍ നഗരത്തില്‍ നിന്ന് കിട്ടിയ ചില സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഹരീബിന്റെ ഓട്ടോറിക്ഷാ കണ്ടെത്തുകയായിരുന്നു. ഇയാളെ പിടികൂടിയതാണ് കേസില്‍ വഴിത്തിരിവായത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞു. തെങ്കാശിയില്‍ എത്തിയ പത്തനംതിട്ട ഡിവൈഎസ്പിയും സംഘവും ഏറെ പ്രയാസപ്പെട്ടാണ് പ്രതികളെ കീഴ്‌പ്പെടുത്തിയത്.

മുഖ്യപ്രതിയായ മദ്രാസ് മുരുകന്‍ ജര്‍മ്മന്‍ യുവതിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളിയാണെന്നും ജില്ലാ പൊലീസ് മേധാവി വി അജിത്ത് കൂട്ടിച്ചേര്‍ത്തു. സംഭവം നടന്ന് എട്ടു ദിവസങ്ങള്‍ക്കുശേഷമാണ് പ്രതികള്‍ വലയിലാകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button