Latest NewsIndia

അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ കർണാടകയിലെ ക്ഷേത്രങ്ങളിൽ മഹാ മംഗളാരതിയും പ്രത്യേക പൂജകളും: നിർദ്ദേശം നൽകി കോൺ​ഗ്രസ് മന്ത്രി

ബെം​ഗളുരു: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്താൻ നിർദ്ദേശം നൽകി കർണാടകയിലെ ദേവസ്വം മന്ത്രി. കോൺഗ്രസ് നേതാവും കർണാടക എൻഡോവ്‌മെന്റ് (മുസ്രയ്) മന്ത്രിയുമായ രാമലിംഗ റെഡ്ഡിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

അയോധ്യയിലെ രാമമന്ദിർ വിഗ്രഹപ്രതിഷ്ഠയുടെ മഹത്തായ അവസരത്തിന്റെ സ്മരണയ്ക്കായി കർണാടകത്തിലുടനീളമുള്ള ക്ഷേത്രങ്ങളെ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഈ മാസം 22ന് ഉച്ചയ്ക്ക് 12:29നും 1:32നും ഇടയിലാണ് അയോധ്യയിൽ ശ്രീരാമ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. ഈ സുപ്രധാന ചടങ്ങ് പ്രമാണിച്ച് എല്ലാ മുസ്രയ് ക്ഷേത്രങ്ങളിലും മഹാ മംഗളാരതിയും പ്രത്യേക പൂജകളും നടത്താൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

‘ജനുവരി 22ന് അയോധ്യ രാമക്ഷേത്രത്തിൽ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്ന സമയത്ത് സംസ്ഥാനത്തെ എല്ലാ മുസ്രയ് ക്ഷേത്രങ്ങളിലും പ്രത്യേക പൂജ അർപ്പിക്കാൻ ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്’ എക്സിലൂടെ മന്ത്രി അറിയിച്ചു.

ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തയ്യാറുള്ള പാർട്ടി നേതാക്കൾക്ക് കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ അനുമതി നൽകിയതായി വൃത്തങ്ങൾ അറിയിച്ചിരുന്നു. പാർലമെന്റിലെ പ്രതിപക്ഷ നേതാവ് (രാജ്യസഭ), കോൺഗ്രസ് പാർലമെന്ററി ബോർഡ് ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ പരിഗണിച്ചാണ് തനിക്കും സോണിയാ ഗാന്ധിക്കും ക്ഷണം ലഭിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സൂചിപ്പിച്ചിരുന്നു.

നേതാക്കൾക്ക് നല്കാൻ പാർട്ടിക്ക് പ്രത്യേക നിർദ്ദേശമില്ലെന്നും ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്ന ആർക്കും പോകാൻ സ്വാതന്ത്ര്യമുണ്ടെന്നും ഖാർഗെ നേരത്തെ പറഞ്ഞിരുന്നു. ജനുവരി 20, 21 തീയതികളിൽ കോൺഗ്രസ് ഉത്തർപ്രദേശ് യൂണിറ്റ് പ്രസിഡന്റ് അജയ് റായിയും ബീഹാർ യൂണിറ്റ് മേധാവി അഖിലേഷ് പ്രസാദ് സിംഗും യഥാക്രമം രാമക്ഷേത്രം സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button