KeralaLatest NewsIndiaNews

ഉത്തർപ്രദേശിന് അഞ്ച് വിമാനത്താവളങ്ങൾ കൂടി

ന്യൂഡൽഹി: അയോധ്യ-അഹമ്മദാബാദ് വിമാന സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്ത് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായാണ് വിമാന സർവ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിന് ഒരു മാസത്തിനുള്ളിൽ അഞ്ച് വിമാനത്താവളങ്ങൾ കൂടി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തെ മൊത്തം വിമാനത്താവളങ്ങളുടെ എണ്ണം 19 ആയി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെർച്വൽ ചടങ്ങിലൂടെയാണ് കേന്ദ്രമന്ത്രി ഫ്‌ളാഗ് ഓഫ് കർമ്മം നിർവ്വഹിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ടൂറിസം-സാംസ്‌കാരിക മന്ത്രി ജയ്‌വീർ സിംഗ്, ലോക്സഭാംഗങ്ങളായ ലല്ലു സിംഗ്, കിരിത് പ്രേംജിഭായ് സോളങ്കി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഡിസംബർ 30ന് അയോധ്യയിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. വരുന്ന മാസത്തിൽ ഉത്തർപ്രദേശിൽ അസംഗഡ്, അലിഗഡ്, മൊറാദാബാദ്, ചിത്രകൂട്, ശ്രാവസ്തി എന്നിങ്ങനെ അഞ്ച് പുതിയ വിമാനത്താവളങ്ങൾ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 11 മുതൽ ഇൻഡിഗോ അയോധ്യ- ഡൽഹി സർവ്വീസ് നടത്തുന്നുണ്ട്. ജനുവരി 15 മുതൽ ആഴ്ചയിൽ മൂന്ന് തവണ മുംബൈ-അയോധ്യ വിമാനങ്ങൾ സർവ്വീസുകൾ നടത്താനും ഇൻഡിഗോ പദ്ധതിയിടുന്നുണ്ട്. ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യ വിമാനത്താവളത്തിൽ 100 ഓളം ചാർട്ടേഡ് വിമാനങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. മെച്ചപ്പെട്ട വിമാന സർവീസുകൾ ടൂറിസത്തിലും ബിസിനസ്സിലും ചെലുത്തിയ സ്വാധീനം അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്തു. സംസ്ഥാനത്ത് വിമാന യാത്രക്കാരുടെ എണ്ണത്തിൽ 30 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button