Latest NewsIndia

സ്റ്റാലിൻ എത്തേണ്ട പല പ്രധാന യോഗങ്ങളിലും അധ്യക്ഷൻ ഉദയനിധി: മകനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹം ശക്തം

ചെന്നൈ: ഡിഎംകെ നേതാവും കായിക മന്ത്രിയുമായ ഉദയനിധിയെ വൈകാതെ തമിഴ്നാട് ഉപമുഖ്യമന്ത്രിയാക്കുമെന്ന് അഭ്യൂഹം. ഡിഎംകെ നേതാക്കൾക്കിടയിൽ ഇക്കാര്യം വ്യാപകമായി പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ. ഫെബ്രുവരിയിൽ എംകെ സ്റ്റാലിൻ വിദേശയാത്ര നടത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യം ഡിഎംകെ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതിന് മുമ്പായി ഉദയനിധി സ്റ്റാലിൻ ഡെപ്യൂട്ടി സിഎം സ്ഥാനം ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നാണ് അഭ്യൂഹം.

ജനുവരി 21-ന് സേലത്ത് ചേരുന്ന പാർട്ടിയുടെ യൂത്ത് വിങ് യോഗത്തിന് ശേഷം ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ എംഎൽഎ ആയി രണ്ടര വർഷം പിന്നിടുമ്പോഴാണ് മന്ത്രിസഭയിൽ രണ്ടാമൻ ആകാൻ ഉദയനിധി സ്റ്റാലിന് കളമൊരുങ്ങുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം സ്റ്റാലിന്റെ മകൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന പ്രചാരണം. നിലവിൽ മന്ത്രിമാരിൽ പത്താമൻ എന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും, ചെന്നൈ പ്രളയദിവസങ്ങൾ മുതൽ പല അവലോകന യോഗങ്ങളിലും ഉദയനിധി ആണ് അധ്യക്ഷൻ. അടുത്തിടെ സ്റ്റാലിൻ ഉദ്ഘാടകനാകുമെന്ന് അറിയിച്ചിരുന്ന ചില പരിപാടികളിൽ അവസാന നിമിഷം ഉദയനിധി പകരമെത്തി.

ഈയാഴ്ച ഉദയനിധിയുടെ യോഗങ്ങളിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും പങ്കെടുക്കുന്നുണ്ട്. എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയെ സഹായിക്കാൻ ഉള്ളവരാണ് എന്നായിരുന്നു ഉദയനിധിയുടെ പ്രതികരണം. അതേസമയം ഉദയനിധിയെ ഉപമുഖ്യമന്ത്രി ആക്കിയാൽ കുടുംബപാർട്ടി എന്ന ആക്ഷേപം ബിജെപി ശക്തമാക്കുമെന്ന് അഭിപ്രായപ്പെടുന്നവരും ഡിഎംകെയിലുണ്ട്. എന്നാൽ, പ്രതിപക്ഷം ദുർബലമായിരിക്കുന്ന അവസരം നഷ്ടമാക്കരുതെന്നാണ് ഉദയനിധിയുടെ സ്ഥാനക്കയറ്റത്തിനായി വാദിക്കുന്നവരുടെ അഭിപ്രായം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button