KeralaLatest NewsNews

ആ ദിവസം ഗുരുവായൂരില്‍ എല്ലാ വിവാഹങ്ങളും നടക്കും: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്

തൃശൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നതെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയന്‍ പറയുന്നു.

Read Also : കോഴിക്കോട് മുപ്പതോളം വീടുകളിൽ ഒരേസമയം ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറി!

വിവാഹം മാറ്റിവെച്ചെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പരന്നതോടെയാണ് വിശദീകരണവുമായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ രംഗത്തെത്തിയത്. അന്നേ ദിവസം, രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്കുണ്ട്.

കല്യാണ ദിവസമായ 17ന് ഗുരുവായൂരില്‍ വിവാഹങ്ങള്‍ക്ക് സമയക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മോദിയെത്തുന്ന 17-ാം തിയതി 48 വിവാഹങ്ങള്‍ക്ക് പുലര്‍ച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നല്‍കിയിരിക്കുന്നത്. ആറ് മണിക്കും ഒന്‍പതിനും ഇടയില്‍ വിവാഹങ്ങള്‍ ഉണ്ടാകില്ല. അന്നേ ദിവസം വിവാഹ സംഘങ്ങള്‍ പ്രത്യേകം പാസെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഇത് രണ്ടാം തവണയാണ് മോദി തൃശൂരിലെത്തുന്നത്. നേരത്തെ, ബിജെപിയുടെ നാരീശക്തി പരിപാടിയില്‍ പങ്കെടുക്കാനാണ് മോദിയെത്തിയത്.

വിവാഹങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രകാരം വിവാഹ സംഘത്തില്‍ 20 പേര്‍ക്ക് മാത്രമാണ് അനുമതി. ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും നല്‍കി പൊലീസ് പാസെടുക്കണം. ചോറൂണിനും തുലാഭാരത്തിനും രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അനുമതിയില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. അതേസമയം, മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന 17ന് മറ്റു വിവാഹങ്ങള്‍ വിലക്കിയെന്ന വാര്‍ത്ത വന്നതോടെ പൊലീസ് സ്റ്റേഷനിലേക്ക് പരാതികളുടെ പ്രവാഹമാണ്. അന്നേ ദിവസം ഗുരുവായൂരില്‍ വിവാഹം നിശ്ചയിച്ച 40ഓളം വീട്ടുകാരാണ് പൊലീസിനോട് കാര്യം തിരക്കിയത്. 17ന് മറ്റു വിവാഹങ്ങള്‍ വിലക്കിയിട്ടില്ലെന്നും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു.

അന്ന് രാവിലെ എട്ടിനെത്തുന്ന പ്രധാനമന്ത്രി 8.45ന് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും. രാവിലെ ആറുമുതല്‍ ഒമ്പത് വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. 17ന് രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ മോദി ഇറങ്ങും. റോഡ് മാര്‍ഗം 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 8.15ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 20 മിനിറ്റ് നേരം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷം ക്ഷേത്രനടയില്‍ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ക്ഷേത്രനഗരിയില്‍ ഒരുക്കുന്നത്. കൊച്ചിയില്‍ മോദിയുടെ റോഡ് ഷോയും നടക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button