KeralaLatest NewsNews

അഞ്ചു തിരിയിട്ട ദീപങ്ങളുമായി രാമക്ഷേത്ര പ്രതിഷ്‌ഠ ആഘോഷമാക്കണമെന്ന് കെഎസ് ചിത്ര: വിമര്‍ശിച്ച്‌ ശ്രീചിത്രൻ എംജെ

നിങ്ങളുടെ തൊണ്ടയില്‍ നിന്ന് ഇതുവരെക്കേട്ട ഏറ്റവും ഭീകരമായ അപശ്രുതിയില്‍ അനുശോചനങ്ങള്‍

അഞ്ചു തിരിയിട്ട ദീപങ്ങളുമായി രാമാ നാമത്തോടെ രാമക്ഷേത്ര പ്രതിഷ്‌ഠ ദിനം ആഘോഷിക്കണമെന്നു പറഞ്ഞ മലയാളത്തിന്റെ പ്രിയ ഗായിക കെഎസ് ചിത്രയെ വിമര്‍ശിച്ച്‌ ശ്രീചിത്രൻ എംജെ. അഞ്ചു തിരിയിട്ട ദീപങ്ങളുമായി താങ്കള്‍ സ്വാഗതം ചെയ്യുന്ന ഈ രാമ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് മുൻപൊരു മുസ്ലിം പള്ളി ഉണ്ടായിരുന്നുവെന്ന് ഗായികയെ ശ്രീചിത്രൻ എംജെ ഓര്‍മ്മിപ്പിച്ചു.

ഭവതി പറഞ്ഞ സര്‍വ്വചരാചരങ്ങളുടെയും സുഖം ഉണ്ടല്ലോ, അയോധ്യയിലെ മുസ്ലീങ്ങളുടെ സുഖം അന്ന് അവസാനിച്ചുവെന്നും അടുത്തവര്‍ഷം മുതല്‍ ഇതേ സമസ്ത ലോക സുഖകാംക്ഷികള്‍ ഡിസംബര്‍ 6 വിജയദിനമായി ആഘോഷിച്ചുവെന്നും ശ്രീചിത്രൻ വിമര്‍ശിച്ചു.

READ ALSO: എല്ലാവരും വീടുകളിൽ വിളക്ക് തെളിച്ച്, രാമനാമം ജപിച്ച് പ്രതിഷ്ഠാദിനം ആഘോഷിക്കണം: കെ എസ് ചിത്ര

ശ്രീചിത്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കെ എസ് ചിത്ര തന്റെ രാമക്ഷേത്ര ആശംസ അവസാനിപ്പിക്കുന്നത് ലോക സമസ്താ സുഖിനോ ഭവന്തു എന്ന സൂക്തത്തിലാണ്.

പ്രിയപ്പെട്ട വാനമ്പാടീ,

അഞ്ചു തിരിയിട്ട ദീപങ്ങളുമായി താങ്കള്‍ സ്വാഗതം ചെയ്യുന്ന ഈ ജനുവരി 22ലെ രാമ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് മുൻപൊരു മുസ്ലിം പള്ളി ഉണ്ടായിരുന്നു. 1948 ഡിസംബറില്‍ അവിടെ കുറച്ചുപേര്‍ കടന്നു കയറി. അതിനകത്ത് ഒരു ബാലരാമ വിഗ്രഹം വെച്ചു. ഭവതി പറഞ്ഞ സര്‍വ്വചരാചരങ്ങളുടെയും സുഖം ഉണ്ടല്ലോ, അയോധ്യയിലെ മുസ്ലീങ്ങളുടെ സുഖം അന്ന് അവസാനിച്ചു. ക്രമേണ ഇന്ത്യയിലെ മുഴുവൻ മുസ്ലീങ്ങളുടെയും . 1992 ഡിസംബര്‍ ആറിന് സര്‍വ്വചരാചരങ്ങളുടെയും സുഖത്തിനായി ഇന്ന് അമ്ബലം പണിഞ്ഞവര്‍ തന്നെ ആ പള്ളി കല്ലോട് കല്ല് തകര്‍ത്തു കളഞ്ഞു. അടുത്തവര്‍ഷം മുതല്‍ ഇതേ സമസ്ത ലോക സുഖകാംക്ഷികള്‍ ഡിസംബര്‍ 6 വിജയദിനമായി ആഘോഷിച്ചു. പിന്നീട് ഇന്ത്യയില്‍ എണ്ണമറ്റ കൂട്ടക്കൊലകളുടെ ചരിത്രം പിറന്നു. ആ രക്തത്തില്‍ കുതിര്‍ത്തി ചുട്ടെടുത്ത കല്ലുകളാണ് പ്രിയപ്പെട്ട വാനമ്പാടീ, താങ്കള്‍ ദീപം തെളിയിച്ച്‌ സ്വാഗതമരുളുന്ന രാമക്ഷേത്രത്തിനുള്ളത്.

എല്ലാ വാനമ്പാടിയുടെയും സംഗീതത്തില്‍ താൻ പറക്കുന്ന ആകാശത്തിന്റെ അന്തരീക്ഷമുണ്ട്. അതുകൊണ്ട് ലോകത്തെങ്ങും സംഗീതം തനിക്ക് ചുറ്റുമുള്ള ചരിത്രത്തിന്റെ അന്തരീക്ഷം തിരിച്ചറിയുന്ന വാമ്പാടികളെ സൃഷ്ടിക്കുന്നു. എന്നാല്‍ നമ്മുടെ നാട്ടിലെ സംഗീതലോകം താങ്കളെപ്പോലെ ചരിത്രശൂന്യമായ നാദങ്ങളെ ശൂന്യാകാശത്തിലെ വാനമ്പാടിയായി നിലനിര്‍ത്തുന്നു. സുഖദമല്ലാത്ത സത്യങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള സമസ്തലോകസുഖീമന്ത്രം പോലെ അസുഖകരമായ അപശ്രുതി മറ്റൊന്നുമില്ല. വാനമ്പാടീ, ശ്രുതിയസൂയപ്പെടും ശ്രുതിയില്‍ പാടുന്ന നിങ്ങളുടെ തൊണ്ടയില്‍ നിന്ന് ഇതുവരെക്കേട്ട ഏറ്റവും ഭീകരമായ അപശ്രുതിയില്‍ അനുശോചനങ്ങള്‍ .

shortlink

Related Articles

Post Your Comments

Related Articles


Back to top button