KeralaLatest NewsNews

സംസ്ഥാനത്തെ ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തുമെന്ന് ഗണേഷ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ അധ്യക്ഷനായി അഞ്ചംഗ സമിതി രൂപീകരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ഒരു മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാവപ്പെട്ടവരെ ആംബുലൻസുകൾ ഒരുപാട് ചൂഷണം ചെയ്യുന്നതായി കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൈഫ് സപ്പോർട്ടിങ് സംവിധാനമുള്ളതും അല്ലാത്തതുമായ ആംബുലൻസുകളെ രണ്ട് വിഭാഗമായി തിരിച്ചായിരിക്കും താരിഫ് ഏർപ്പെടുത്തുക. ആംബുലൻസ് സംഘടന നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. താരിഫ് ഏർപ്പെടുത്തുന്നതിനെ ആംബുലൻസ് സംഘടന നേതാക്കൾ സ്വാഗതം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല. കെഎസ്ആർടിസിയിലെ ചിലവ് കുറക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അഴിമതി ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കും. യൂണിയനുകളുമായി പ്രത്യേകം ചർച്ച നടത്തും. സ്റ്റോക്ക്, അക്കൗണ്ട്, പർച്ചേയ്‌സ് എന്നിവക്കായി പുതിയ സോഫ്റ്റ്‌വെയർ നിർമ്മിക്കും. കെഎസ്ആർടിസി അഡ്മിനിസ്‌ട്രേഷൻ കമ്പ്യൂട്ടറൈസ് ചെയ്യും. സിസ്റ്റം ഇല്ലാത്ത കെഎസ്ആർടിസിയിൽ പുതിയൊരു സിസ്റ്റം കൊണ്ടുവരും. സ്വിഫ്റ്റ് കമ്പനി ലാഭത്തിലാണ്. കെടിഡിഎഫ്‌സി നിക്ഷേപകർക്ക് പണം തിരിച്ചു നൽകും.

തിരുവനന്തപുരത്ത് പത്തു രൂപയ്ക്ക് ഓടുന്ന ഇലക്ട്രിക് ബസിന് വരുമാനമുണ്ടെങ്കിലും ലാഭമുണ്ടെന്ന് പറയാൻ പറ്റില്ല. വൈദ്യുതിയാണെങ്കിലും തുച്ഛമായ ലാഭം മാത്രമാണ് ലഭിക്കുന്നത്. നഷ്ടമാണുള്ളത്. പത്തു രൂപയ്ക്ക് ഓടുന്ന ബസുകളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളാനാകുന്നുമില്ല. പല റൂട്ടുകളിലും ഇലക്ട്രിക് ബസിൽ പലപ്പോഴും ആളില്ലാത്ത അവസ്ഥയമുണ്ട്. 10 രൂപക്ക് സർവീസ് നടത്തുന്ന ബസുകളുടെ നിരക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇലക്ട്രിക് ബസ് വാങ്ങുന്ന തുകക്ക് നാല് ബസുകൾ വാങ്ങാം. സുശീൽ ഘന്ന റിപ്പോർട്ട് നടപ്പിലാക്കാൻ കഴിഞ്ഞില്ല. അത് നടപ്പാക്കാൻ ശ്രമിക്കും. ഇലക്ട്രിക് ബസിന്റെ ഡ്യൂറബിലിറ്റി കുറവാണ്. ഇലക്ട്രിക് ബസുകൾ വിജയകരമായി ഉപേയാഗിക്കപ്പെട്ടതായി എവിടെയും തെളിയിക്കപ്പെട്ടിട്ടില്ലെന്നും കെ ബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button