KeralaLatest NewsNews

അടിമുടി ദുരൂഹത, വിശദമായ അന്വേഷണം വേണം; വീണാ വിജയന്റെ കമ്പനിയെ കുടുക്കി ROC പ്രാഥമിക റിപ്പോര്‍ട്ട്, വെട്ടിലായി സി.പി.എം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെ വെട്ടിലാക്കി ആര്‍.ഒ.സി. (രജിസ്ട്രാര്‍ ഓഫ് കമ്പനീസ്) യുടെ റിപ്പോർട്ട്. എക്‌സാലോജിക് -സി.എം.ആര്‍.എല്‍ ഇടപാടിൽ അടിമുടി ദുരൂഹതയാണുള്ളതെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. വീണാ വിജയനെയും എക്‌സാലോജിക്കിനെയും അങ്ങേയറ്റം പ്രതിസന്ധിയിലാക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഈ റിപ്പോർട്ട് സി.പി.എമ്മിനെയും വെട്ടിലാക്കുന്നതാണ്.

അതേസമയം, വീണ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസാണ് സിഎംആര്‍എല്‍ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ചത്. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. വീണാ വിജയന്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തിനാണ് അന്വേഷണ ചുമതല. കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍.ഒ.സി, എ ഗോകുല്‍നാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബെംഗളൂരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്. കരമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെയും പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണമുണ്ട്. എക്സാലോജിക്കിന് സിഎംആര്‍എല്‍ 1.72 കോടി രൂപ അനധികൃതമായി നല്‍കിയെന്ന് നേരത്തേ ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. എന്നാല്‍ തുക കൈപ്പറ്റിയത് നല്‍കിയ സേവനത്തിനാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു എക്സാലോജിക്ക്.

വീണയുടെ കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വീണ്ടും ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി. സിഎംആര്‍എല്‍ ചെലവുകള്‍ പെരുപ്പിച്ച് ലാഭം മറച്ചുവെക്കുകയായിരുന്നു. അത് തന്നെയാണ് എക്‌സാലോജിക്കും ചെയ്തത്. സിഎംആര്‍എല്ലില്‍ 14 ശതമാനം ഓഹരി കെഎസ്‌ഐഡിസിക്കാണ്. ലാഭത്തിന്റെ വിഹിതവും വ്യവസായ വികസന കോര്‍പറേഷന് അവകാശപ്പെട്ടതാണ്. എന്നാല്‍ സിഎംആര്‍എല്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ മറച്ചുവെച്ചെന്ന് കുഴല്‍നാടന്‍ ആരോപിച്ചു.

സിഎംആര്‍എല്‍ പണം വഴിമാറ്റി കീശയിലാക്കിയപ്പോള്‍ കെഎസ്‌ഐഡിസി കൂട്ടുനിന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാരിന് അവകാശപ്പെട്ട 14 ശതമാനം ലാഭവിഹിതം നല്‍കാതെ തട്ടിപ്പ് കാണിച്ച സിഎംആര്‍എല്‍ കമ്പനിക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറയണം. ഇക്കാര്യത്തില്‍ കെഎസ്‌ഐഡിസിയുടെ നിലപാടെന്താണെന്ന് മന്ത്രി വ്യക്തമാക്കണം. ഇക്കാര്യം പൊതുസമൂഹത്തെ അറിയിക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

സേവനം നല്‍കാതെ എക്‌സാലോജിക് നിരവധി കമ്പനികളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. ചെലവുകള്‍ പെരുപ്പിച്ച് കാണിച്ച് സിഎംആര്‍എല്‍ നഷ്ടത്തിലാണെന്ന് കാണിച്ചത് പോലെ എക്‌സാലോജികും തട്ടിപ്പ് നടത്തി. ആത്യന്തികമായ നീതി കോടതിയില്‍ നിന്നേ ലഭിക്കൂ. ഈ അന്വേഷണത്തിലൂടെ ആര്‍ഒസി സത്യങ്ങള്‍ പുറത്തു കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button