Latest NewsKeralaNews

ഞങ്ങൾക്ക് ഇതൊന്നും വലിയ കാര്യമല്ല, അഴിമതി നടന്നിട്ടില്ല; വീണ വിജയനെ പിന്തുണച്ച് എ.കെ ബാലൻ

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ആവർത്തിച്ച് സി.പി.എം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും അന്വേഷണത്തിന് വരുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന ആരോപണമാണ് സി.പി.എം വീണ്ടും ഉയർത്തുന്നത്. ആര്‍.ഒ.സി റിപ്പോർട്ട് തള്ളി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ, റിപ്പോര്‍ട്ട് തള്ളി എ.കെ. ബാലനും രംഗത്തെത്തി. ഇത്തരം അന്വേഷണങ്ങളെ ഭയക്കുന്നില്ലെന്നും അഴിമതി നടന്നിട്ടില്ലെന്നും ബാലൻ വ്യക്തമാക്കി.

കേന്ദ്ര ഏജന്‍സികള്‍ കൃത്യമായ അന്വേഷണം നടത്തട്ടേയെന്നും ഏത് അന്വേഷണം ആയാലും ഞങ്ങള്‍ക്ക് ഇവിടെ ഒരു പ്രശ്‌നവുമില്ലെന്നും ബാലന്‍ പറഞ്ഞു. പ്രോക്‌സി പെറ്റീഷണറുടെ റിവിഷന്‍ പെറ്റീഷന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് പോലും പിണറായി വിജയനെതിരേയോ വീണയ്‌ക്കോ എതിരേ ഹൈക്കോടതി അയച്ചിട്ടില്ല. നോട്ടീസ് അയക്കണോ എന്നു പോലും തീരുമാനിക്കപ്പെട്ടിട്ടില്ലാത്ത കേസാണ് ഇതെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

കമ്പനീസ് രജിസ്ട്രാര്‍ ഓഫീസുമായി ബന്ധപ്പെട്ടുള്ള മൂന്ന് ഉദ്യോഗസ്ഥര്‍- ഒരാള്‍ കേരളത്തില്‍നിന്നും ഒന്ന് കര്‍ണാടകയില്‍നിന്നും മറ്റൊരാള്‍ ചെന്നൈയില്‍ നിന്നുമുണ്ട്. അവരെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവര്‍ അന്വേഷിക്കട്ടേ. കുറ്റക്കാര്‍ ആരാണോ ശിക്ഷിക്കട്ടേ. എന്തിനുവേണ്ടിയാണ് സി.എം.ആര്‍.എല്ലിന് പ്രോസിക്യൂഷന്‍ എടുക്കേണ്ടെന്ന് പറഞ്ഞ് ഇന്റരിം സെറ്റില്‍മെന്റ് ബോര്‍ഡ് ഇമ്യൂണിറ്റി കൊടുത്തതെന്നും ബാലന്‍ ആരാഞ്ഞു.

അതേസമയം, വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെ വെട്ടിലാക്കി ആര്‍.ഒ.സി. (രജിസ്ട്രാര്‍ ഓഫ് കമ്പനീസ്)യുടെ റിപ്പോർട്ടിലെ വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. എക്‌സാലോജിക് -സി.എം.ആര്‍.എല്‍ ഇടപാടിൽ അടിമുടി ദുരൂഹതയാണുള്ളതെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. വീണാ വിജയനെയും എക്‌സാലോജിക്കിനെയും അങ്ങേയറ്റം പ്രതിസന്ധിയിലാക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഈ റിപ്പോർട്ട് സി.പി.എമ്മിനെയും വെട്ടിലാക്കുന്നതാണ്.

വീണ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസാണ് സിഎംആര്‍എല്‍ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ചത്. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. വീണാ വിജയന്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തിനാണ് അന്വേഷണ ചുമതല. കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍.ഒ.സി, എ ഗോകുല്‍നാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button