Latest NewsNewsIndia

ആത്മഹത്യാ കുറിപ്പിലെ ആ ‘കോഡ്’ തേടി പോയ പോലീസ് എത്തിയത് മറ്റൊരു കൊലപാതകത്തിൽ; അന്വേഷണ സംഘത്തെ ത്രില്ലടിപ്പിച്ച കേസ്

നവി മുംബൈ: 2023 ഡിസംബർ 12 ന് 19 കാരിയായ വൈഷ്‌ണവി ബാബറിനെ കാണാതായി. ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു മാസമായിട്ടും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ, വൈഷ്ണവിയുടെ മുൻ കാമുകൻ ആത്മഹത്യ ചെയ്തു. സ്ഥലത്തെത്തിയ പൊലീസിന് 24 കാരനായ വൈഭവ് എഴുതിയ ആത്മഹത്യാ കുറിപ്പ് ലഭിച്ചു. ഇവിടെ നിന്നാണ് ഒരു കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്‌.

കാമുകിയെ കൊലപ്പെടുത്തിയ ശേഷം വൈഭവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യാ കുറിപ്പിലെ ഒരു ‘കോഡ്’ തേടി അലഞ്ഞ പോലീസ് എത്തിയത് നവി മുംബൈയിലെ ഖാർഘർ ഹിൽസ് വനമേഖലയിൽ ആണ്. ഇവിടെ വെച്ച് വൈഷ്ണവി ബാബറിന്റെ മൃതദേഹം അഴുകിയ നിലയിൽ പോലീസ് കണ്ടെത്തി. വൈഷ്ണവി ബാബറുമായുള്ള ബന്ധം വേർപെടുത്തിയതിന്റെ ദേഷ്യത്തിലായിരുന്നു കൊലപാതകം. കാട്ടിനുള്ളിലെ കുന്നിൽ യുവതിയെ എത്തിച്ച വൈഭവ് ഇവിടെ വെച്ച് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഡിസംബർ 12 ന് വൈഷ്ണവി ബാബർ സയോണിലെ കോളേജിലേക്ക് പോയെങ്കിലും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് അവളുടെ അമ്മ അതേ ദിവസം കലംബോലി പോലീസ് സ്റ്റേഷനിൽ മിസ്സിംഗ് കേസ് ഫയൽ ചെയ്തു. അതേദിവസം, വൈഭവ് ബുറുംഗല ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഇയാളുടെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനായി പ്രത്യേക ദൗത്യസംഘത്തെ രൂപീകരിക്കുകയും ചെയ്തു. വൈഷ്ണവിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന വൈഭവിന്റെ ആത്മഹത്യാ കുറിപ്പ് മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തി.

‘L01-501’ തുടങ്ങിയ വാക്കുകളായിരുന്നു വൈഭവ് തന്റെ ആത്മഹത്യാ കുറിപ്പിൽ കുറിച്ചിരുന്നത്. വൈഷ്ണവിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലത്ത് വനംവകുപ്പ് മരത്തിൽ അടയാളപ്പെടുത്തിയ സംഖ്യ ആണിതെന്ന് പോലീസ് ഡീകോഡ് ചെയ്തു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, വൈഷ്ണവിയെ കാണാതായ ദിവസം ഖാർഘർ ഹിൽസിൽ ഇരുവരെയും ഒരുമിച്ച് കണ്ടതായി കണ്ടെത്തി.

തുടർന്ന് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സിഡ്‌കോയും ചേർന്ന് വൈഷ്ണവിയുടെ മൃതദേഹത്തിനായി തിരച്ചിൽ ആരംഭിച്ചു. 10 ദിവസം നീണ്ടുനിന്ന തിരച്ചിൽ പ്രവർത്തനത്തിനായി ഡ്രോണുകളും വിന്യസിച്ചിരുന്നു. ഖാർഘറിലെ ഒവെ ക്യാമ്പ് ഏരിയയിലെ മാലിന്യം തള്ളുന്ന സ്ഥലത്ത് കുറ്റിക്കാട്ടിൽ കിടക്കുന്ന വൈഷ്ണവിയുടെ മൃതദേഹം കണ്ടതാണ് വഴിത്തിരിവായത്. കോളേജിൽ പോകുമ്പോൾ ധരിച്ചിരുന്ന വസ്ത്രം, റിസ്റ്റ് വാച്ച്, ഐഡി കാർഡ് എന്നിവയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button