KeralaLatest NewsNews

നരേന്ദ്ര മോദിയുടെ ഗ്യാരന്റി പറയാൻ സതീശൻ ദൈവമല്ല, മലയാളികൾക്ക് മോദി വലിയ പരിഗണന നൽകുന്നു: പ്രകാശ് ജാവദേക്കര്‍

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ ചരിത്രമെഴുതുമെന്ന് പ്രകാശ് ജാവദേക്കര്‍. കേരളത്തിൽ ബിജെപി പ്രചാരണം തുടങ്ങിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അടുത്ത 100 ദിവസത്തിനകം ബിജെപി നേതാക്കൾ കേരളത്തിലെ എല്ലാ വോട്ടർമാരേയും നേരിട്ട് കാണുമെന്നും ഇത്തവണ കേരളത്തിൽ ബിജെപി ലക്ഷ്യം കാണുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ എംഎൽഎമാർ ഇല്ലാഞ്ഞിട്ടു പോലും മലയാളികൾക്ക് മോദി വലിയ പരിഗണന നൽകുന്നുവെന്നും മോദിയുടെ ഗ്യാരണ്ടി കേരളത്തിൽ നടപ്പായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകർക്കും സാധാരണക്കാർക്കും മോദി സഹായം നൽകി. 2024 ൽ മോദി വീണ്ടും പ്രധാനമന്ത്രിയാകും. നരേന്ദ്ര മോദിയുടെ ഗ്യാരന്റി പറയാൻ വിഡി സതീശൻ ദൈവമല്ലെന്നും അദ്ദേഹം വ്യക്തമാക്കി

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരെയുള്ള കേന്ദ്ര അന്വേഷണത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. എക്‌സാലോജിക്കിനെ കുറിച്ച് നടക്കുന്നത് സുതാര്യമായ അന്വേഷണമാണ്. കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടുമെന്നും പ്രകാശ് ജാവദേക്കര്‍ കൂട്ടിച്ചേർത്തു.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തയ്യാറെടുപ്പുകൾ ബിജെപി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. ബിജെപി പ്രവർത്തകരുടെ ശക്തികേന്ദ്ര സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. കേരളത്തിലെ ബിജെപി പ്രവർത്തകരുടെ കഴിവിനെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.

സംസ്ഥാനത്തെ ബിജെപി പ്രവർത്തകരുടെ കഴിവ് വളരെ വലുതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന സ്ത്രീശക്തി സംഗമത്തിൽ ഇത് കാണാൻ കഴിഞ്ഞു. തന്റെ ജീവിതത്തിന്റെ വലിയ സമയം, താൻ സംഘടനാ പ്രവർത്തനത്തിനായി ചെലവഴിച്ചതാണ്. അതുകൊണ്ട് തന്നെ അനുഭവത്തിന്റെ വെളിച്ചത്തിൽ തനിക്ക് പറയാൻ സാധിക്കും, ഇതുപോലെയുള്ള വലിയ സമ്മേളനം, അത് നടത്തണമെങ്കിൽ ഒരു ശക്തമായ സംഘടനയ്ക്ക് മാത്രമേ സാധിക്കൂ. ഇത് നിങ്ങൾ കേരളത്തിൽ എത്രമാത്രം പരിശ്രമിക്കുന്നുവെന്ന് തനിക്ക് കാണിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിപരീത പരിസ്ഥിതിയിലും കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള പ്രവർത്തകരുടെ പല തലമുറകൾ പാർട്ടിയുടെ പതാക ഉയരെ പാറിക്കുന്നതിൽ വിജയിച്ചു. രാഷ്ട്രീയ അക്രമങ്ങളുടെ ഇടയിലും പ്രത്യയ ശാസ്ത്രത്തോടും ദേശഭക്തിയോടും അചഞ്ചലമായ വിശ്വാസമർപ്പിച്ച് ആ പ്രവർത്തകരുടെ തലമുറയെ താൻ ശിരസ് നമിച്ച് വണങ്ങുന്നുവെന്നും നരേന്ദ്രമോദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button