Latest NewsIndia

തൃണമൂലിനു പിന്നാലെ ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറാൻ എഎപിയും; പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ‘ഇന്ത്യ’ സഖ്യത്തിൽ അസ്വാരസ്യങ്ങൾ തുടരുന്നു. ബം​ഗാളിൽ തൃണമൂലിന് സമാനമായി പഞ്ചാബിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. സംസ്ഥാനത്തെ 13 മണ്ഡലങ്ങളിലും എ.എ.പി ഒറ്റയ്ക്ക് പൊരുതാൻ സജ്ജമാണെന്ന് പറഞ്ഞ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, കോൺഗ്രസുമായി സഖ്യം ചേരാൻ ഇല്ലെന്നും വ്യക്തമാക്കി.

‘2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം 13-0 എന്ന നിലയിലായിരിക്കും. പഞ്ചാബിലെ 13 മണ്ഡലങ്ങളിലും വിജയം കൊയ്യാൻ ആം ആദ്മി പാർട്ടി സജ്ജമാണ്. വൻ വിജയത്തോടെ ആം ആദ്മി പാർട്ടി രാജ്യത്തെ താരമായി മാറും’, മൻ പറഞ്ഞു. ഛണ്ഡീഗഡിലെ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും എ.എ.പി ഒറ്റക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇൻഡ്യ സഖ്യത്തിൽ ചേരാനില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്നും ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി വ്യക്തമാക്കിയിരുന്നു. ഇൻഡ്യ സഖ്യത്തിലെ പ്രധാന പാർട്ടിയായ കോൺഗ്രസുമായി നടന്ന സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ലോക്സഭ തെര​ഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മമത രംഗത്തെത്തിയത്.

ചർച്ചയിൽ സീറ്റ് വിഭജനം സംബന്ധിച്ച തന്റെ നിർദേശം കോൺഗ്രസ് തള്ളിയതായി മമത പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മമതയും തൃണമൂൽ നേതാക്കളും കോൺഗ്രസ് നേതാക്കളും സീറ്റ് വിഭജനം സംബന്ധിച്ച് അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയത്. ചർച്ചക്കു പിന്നാലെ ഒറ്റക്കു മത്സരിക്കാൻ തയാറെടുപ്പുകൾ നടത്താൻ മമത അണികളോട് ആഹ്വാനം ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button