Latest NewsIndia

വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല, ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ പ്രായപരിധി അനുവദിക്കുന്നില്ലെന്ന് മാത്രമാണ് പറഞ്ഞത്:മേരി കോം

ന്യൂഡൽഹി: താൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്ത തെറ്റാണെന്നും ഇതിഹാസ ഇന്ത്യൻ ബോക്സർ മേരി കോം. ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ പ്രായപരിധി അനുവദിക്കുന്നില്ലെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും മേരി കോം പറഞ്ഞു. ബുധനാഴ്ച നടന്ന ഒരു പരിപാടിക്കിടെ ഉയർന്ന തലത്തിൽ മത്സരിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നിട്ടും പ്രായപരിധി കാരണം അതിന് കഴിയുന്നില്ലെന്ന് മേരി കോം പറഞ്ഞിരുന്നു.

എന്നാൽ, തന്റെ വാക്കുകളെ തെറ്റിദ്ധരിച്ചതാണെന്നും മത്സരത്തിൽ തുടരുന്നതിനായി താൻ ഇപ്പോഴും തന്റെ ഫിറ്റ്‌നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും മേരി കോം പറഞ്ഞു. ‘പ്രിയ മാധ്യമ സുഹൃത്തുക്കളെ, ഞാൻ ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല, എന്നെ തെറ്റായി ഉദ്ധരിച്ചു. എപ്പോൾ വേണമെങ്കിലും ഞാൻ മാധ്യമങ്ങൾക്ക് മുന്നിൽ വരും’- മേരി കോം പ്രസ്താവനയിൽ പറഞ്ഞു.

2012ലെ ലണ്ടൻ ഒളിമ്പിക്‌സിൽ 51 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയതോടെ വനിതാ ബോക്‌സിംഗിൽ ഒളിമ്പിക്‌സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബോക്‌സറാണ് മേരി കോം. 2014-ൽ ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയതിലൂടെ, ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യയിൽനിന്നുള്ള ആദ്യ വനിതാ ബോക്‌സറായി മാറി. 8 ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും 7 ഏഷ്യൻ ചാമ്പ്യൻഷിപ്പ് മെഡലുകളും 2 ഏഷ്യൻ ഗെയിംസ് മെഡലുകളും ഒരു കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണ മെഡലും മേരി കോം നേടിയിട്ടുണ്ട്.

2003ലെ ആദ്യ ലോക ചാമ്പ്യൻപട്ടത്തിനു പിന്നാലെ രാജ്യം അർജുന അവാർഡ് നൽകി മേരി കോമിനെ ആദരിച്ചു. 2009ൽ ഖേൽ രത്ന പുരസ്കാരവും ലഭിച്ചു. 2006ൽ പത്മശ്രീ, 2013ൽ പത്മഭൂഷൺ, 2020ൽ പത്മവിഭൂഷൺ അംഗീകാരങ്ങളും മേരിയെ തേടിയെത്തി. 2016– 2022ൽ രാജ്യസഭാംഗമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button