KeralaLatest News

റിപ്പബ്ലിക് ദിനാഘോഷത്തിൽ ഹൈക്കോടതി ജീവനക്കാരുടെ നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു- പരാതി, സസ്‌പെൻഷൻ

റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി കേരള ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വ നാടകത്തിനെതിരെ പരാതി. പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചുവെന്ന് കാട്ടിയാണ് പരാതി ഉയർന്നിരിക്കുന്നത്. ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തുമാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. പ്രധാനമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നിയമ മന്ത്രാലയത്തിനുമാണ് പരാതി നൽകിയത്.

കഴിഞ്ഞ ദിവസം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഹൈക്കോടതിയിൽ സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായാണ് ‘വൺ നേഷൺ, വൺ വിഷൻ, വൺ ഇന്ത്യ’ എന്ന നാടകം അരങ്ങേറിയത്. ഹൈക്കോടതി ജീവനക്കാരും അഡ്വക്കേറ്റ് ജനറൽ ഓഫീസിലെ ജീവനക്കാരും ക്ലർക്കുമാരും ചേർന്നാണ് ഒമ്പത് മിനിറ്റുള്ള നാടകം അരങ്ങിലെത്തിച്ചത്.

റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി അവതരിപ്പിച്ച നാടകം വിവാദമായതോടെ ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. അസിസ്റ്റൻ്റ് രജിസ്ട്രാർ ടി എ സുധീഷ്, കോർട്ട് കീപ്പർ പി എം സുധീഷ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ടി എ സുധീഷാണ് നാടകത്തിൻ്റെ സംഭാഷണം എഴുതിയത്. സംഭവം വിജിലൻസ് രജിസ്ട്രാർ അന്വേഷിക്കും.

നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗ രീതികളെയും കേന്ദ്രപദ്ധതികളെയും സ്വാതന്ത്ര്യത്തിൻ്റെ അമൃത വർഷാഘോഷത്തെയും നാടകത്തിൽ അധിക്ഷേപിച്ചതായും നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button