CinemaLatest NewsNewsIndiaEntertainmentKollywood

‘സംഘി എന്നത് മോശം വാക്കാണെന്ന് അവൾ പറഞ്ഞിട്ടില്ല’: മകൾ ഐശ്വര്യയെ പിന്തുണച്ച് രജനികാന്ത്

ചെന്നെെ: രജനികാന്ത് ഒരു സംഘിയല്ലെന്ന് പറഞ്ഞ ഐശ്വര്യ രജനികാന്തിന് നേരെ കടുത്ത സൈബർ ആക്രമണം ആയിരുന്നു ഉണ്ടായത്. സോഷ്യൽ മീഡിയകളിൽ രജനികാന്തിനെ ‘സംഘി’ എന്ന മുദ്രകുത്തുന്നത് തനിക്ക് വിഷമമുണ്ടാക്കുന്നുവെന്നും അദ്ദേഹത്തിനെതിരെ നടക്കുന്ന അധിക്ഷേപം അതിര് കടക്കുന്നുവെന്നുമായിരുന്നു ‘ലാൽസലാം’ എന്ന ചിത്രത്തിന്റെ ചെന്നെെയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിനിടെ ഐശ്വര്യ പറഞ്ഞത്. പിന്നാലെ ഐശ്വര്യയെ പിന്തുണച്ച് രജനികാന്ത് രംഗത്തെത്തി. സംഘി എന്ന പദം മോശമായ വാക്കാണെന്ന് ഐശ്വര്യ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘സംഘി ഒരു മോശം വാക്കാണെന്ന് എൻ്റെ മകൾ ഒരിക്കലും പറഞ്ഞിട്ടില്ല. ആത്മീയതയിൽ ഏർപ്പെട്ടിരിക്കുന്ന തൻ്റെ പിതാവിനെ എന്തിനാണ് അങ്ങനെ മുദ്രകുത്തുന്നതെന്ന് മാത്രമാണ് അവൾ ചോദിച്ചത്’, രജനികാന്ത് മാധ്യമപ്രവർത്തകരോട് ചോദിച്ചു.

ഐശ്വര്യ രജനികാന്ത് പറഞ്ഞത്;

‘സോഷ്യൽ മീഡിയകളിൽ നിന്ന് മാറിനിൽക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. എന്നാൽ ചുറ്റും എന്താണ് നടക്കുന്നതെന്ന് എൻ്റെ ടീം അറിയിക്കാറുണ്ട്. ചില പോസ്റ്റുകളും അവർ കാണിച്ചുതരും. അതെല്ലാം കാണുമ്പോൾ എനിക്ക് ദേഷ്യമാണ് വരുന്നത്. ഞങ്ങളും മനുഷ്യരാണ്. ഈയടുത്തായി ഒരുപാട് ആളുകൾ എന്റെ അച്ഛനെ സംഘിയെന്ന് വിളിക്കുന്നുണ്ട്, അത് എന്നെ വേദനിപ്പിക്കുന്നു. അതിന്റെ അർഥം എന്താണെന്ന് എനിക്കറിയില്ല. സംഘിയുടെ അർഥം എന്താണെന്ന് ചിലരോട് ചോ​ദിച്ചു. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുകയെന്ന് അവർ പറഞ്ഞു. ഞാൻ ഒരു കാര്യം വ്യക്തമാക്കാൻ ആ​ഗ്രഹിക്കുന്നു, രജനികാന്ത് ഒരു സംഘിയല്ല. സംഘിയായിരുന്നെങ്കിൽ അദ്ദേഹം ”ലാൽസലാം” പോലൊരു ചിത്രം ചെയ്യില്ലായിരുന്നു. ഒരുപാട് മനുഷ്യത്വമുള്ളയാൾക്കേ ഈ ചിത്രം ചെയ്യാനാകൂ’.

shortlink

Related Articles

Post Your Comments

Related Articles


Back to top button