KeralaLatest News

വിറ്റുപോകാത്ത ടിക്കറ്റിന് ഒരു കോടി: പൊതുമരാമത്ത് പുറമ്പോക്കില്‍ കഴിയുന്ന ഫ്രാൻസിസിനെ തേടിയെത്തി ഭാ​ഗ്യദേവത

കടങ്ങോട്: വിറ്റുപോകാത്ത ടിക്കറ്റിന് ഒരുകോടി രൂപ ഒന്നാം സമ്മാനം. ലോട്ടറി കച്ചവടക്കാരനായ കടങ്ങോട് പഞ്ചായത്തിലെ പാഴിയോട്ടുമുറി കുളങ്ങര വീട്ടിൽ ഫ്രാൻസിസി (68) നാണ് അപ്രതീക്ഷിത സൗഭാ​ഗ്യം കൈവന്നത്. ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി-50 ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് ഫ്രാൻസിസിന്റെ വിറ്റുപോകാത്ത ടിക്കറ്റിന് ലഭിച്ചത്.

കഴിഞ്ഞ ദിവസം എരുമപ്പെട്ടിയിലെ വൈരം ലോട്ടറീസിൽനിന്നും വിൽപ്പനക്കായി 75 ടിക്കറ്റുകളാണ് ഫ്രാൻസിസ് വാങ്ങിയത്. ഇതിൽ 45 ടിക്കറ്റുകൾ മാത്രമേ വിൽക്കാൻ കഴിഞ്ഞിരുന്നുള്ളു. മുപ്പതെണ്ണം വിൽക്കാൻ സാധിക്കാതെ വിഷമിച്ചിരിക്കുന്ന സമയത്താണ് ഒന്നാം സമ്മാനം ലഭിച്ച വിവരം അറിയുന്നത്. പരിശോധിച്ചപ്പോഴാണ് കൈയ്യിലുള്ള എഫ്.എൻ. 619922 നമ്പറിലാണ് നറുക്ക് വീണതെന്നറിയുന്നത്.

ലോറി ഡ്രൈവറായിരിക്കെ അസുഖമായി ജോലിക്ക് പോകാൻ കഴിയാതെ വന്നപ്പോഴാണ് ലോട്ടറി വിൽപ്പന തുടങ്ങിയത്. ഇരുപത് വർഷമായി എരുമപ്പെട്ടി മുതൽ കുന്നംകുളം വരെയുള്ള സ്ഥലങ്ങളിൽ കാൽനടയായാണ് വിൽപ്പന.

പൊതുമരാമത്ത് പുറമ്പോക്കിൽ ശോചനീയാവസ്ഥയിലുള്ള വീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. ആദ്യം വീടെന്ന സ്വപ്നം പൂർത്തിയാക്കണമെന്നാണ് ആഗ്രഹം. ടിക്കറ്റ് ഫെഡറൽ ബാങ്ക് വടക്കേക്കാട് ശാഖയ്ക്ക് കൈമാറാനാണ് തീരുമാനം. റീനയാണ് ഭാര്യ. ഫെറീന, ആന്റണി ബ്ലെസൻ എന്നിവരാണ് മക്കൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button