KeralaLatest NewsIndia

ബംഗാളിൽ ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധിയെ സ്വീകരിച്ചും അണിചേർന്നും സിപിഎം

കൊൽക്കത്ത: പശ്ചിമബംഗാളിൽ രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ സ്വീകരിക്കാൻ സിപിഎം പ്രവർത്തകരും. സി.പി.എം സംസ്ഥാനസെക്രട്ടറി മുഹമ്മദ് സലീം, സംസ്ഥാനക്കമ്മിറ്റിയംഗം സുജൻ ചക്രവർത്തി എന്നിവരുടെ നേതൃത്വത്തിലാണ് രാഹുലിനെ സ്വീകരിക്കാൻ പ്രവർത്തകർ എത്തിയത്. മുർഷിദാബാദ് ജില്ലയിലെ ബെഹ്റാംപുരിൽ നടന്ന സ്വീകരണ യോ​ഗത്തിലാണ് സിപിഎം നേതാക്കളും അണികളും എത്തിയത്.

കോൺഗ്രസിന്റെ മൂവർണക്കൊടികൾക്കൊപ്പം ചെങ്കൊടികളുമേന്തി സി.പി.എം പ്രവർത്തകർ യാത്രയിൽ പങ്കെടുത്തു. ‘ന്യായവും അന്യായവും തമ്മിലുള്ള പോരാട്ടത്തിനാണ് ഇപ്പോൾ രാജ്യം സാക്ഷ്യംവഹിക്കുന്നത്. അതിൽ ന്യായത്തിന്റെ ഭാഗത്താണ് ഞങ്ങൾ. അതുകൊണ്ടാണ് ന്യായ് യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാനെത്തിയത്’ -മുഹമ്മദ് സലീം മാധ്യമപ്രവർത്തകരോടു പറഞ്ഞു.

കോൺഗ്രസ്-സി.പിഎം. സഖ്യത്തിന്റെ സൂചനയാണോ ഇതെന്ന ചോദ്യത്തിന് സഖ്യകാര്യങ്ങൾ ഇത്തരം വേദികളിലല്ല ചർച്ചചെയ്യുകയെന്നും അത് ഇരുപാർട്ടികളുടെയും നേതൃത്വങ്ങൾ തീരുമാനിക്കുമെന്നുമായിരുന്നു സലീമിന്റെ മറുപടി. കോൺഗ്രസിനെ സി.പി.എം. നിയന്ത്രിക്കുന്നുവെന്ന മമതയുടെ വിമർശനം മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ‘മമതയെ ആർ.എസ്.എസ്. നിയന്ത്രിക്കുന്ന സാഹചര്യത്തിൽ ഞങ്ങൾ കോൺഗ്രസിനെ നിയന്ത്രിക്കും’ എന്നായിരുന്നു പ്രതികരണം.

വ്യാഴാഴ്ചയാണ് മാൽദ ജില്ലയിൽനിന്ന്‌ ന്യായ് യാത്ര മുർഷിദാബാദ് ജില്ലയിലെത്തിയത്. പി.സി.സി. അധ്യക്ഷൻകൂടിയായ അധീർ രഞ്ജൻ ചൗധരിയുടെ മണ്ഡലമായ ബെഹ്റാംപുരിൽ കോൺഗ്രസ് അണികൾ യാത്രയ്ക്ക് ആവേശപൂർവം സ്വീകരണം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button