Latest NewsIndia

ഇഡിയുടെ അറസ്റ്റിനെതിരെയുള്ള ഹേമന്ത് സോറന്റെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

ഭൂമി തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി . ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദ്രേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് കേസ് പരി​ഗണിക്കാൻ വിസമ്മതിച്ചത്.

ഹേമന്ത് സോറനോട് ഝാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനും ബെഞ്ച് നിർദ്ദേശിച്ചു. എന്തുകൊണ്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകാത്തതെന്നും ബെഞ്ച് ചോദിച്ചു.
‘കോടതികൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഹൈക്കോടതികൾ ഭരണഘടനാ കോടതികളാണ്. ഒരാളെ അനുവദിച്ചാൽ എല്ലാവരെയും അനുവദിക്കണം,’ സുപ്രീം കോടതി നിരീക്ഷിച്ചു.

അന്വേഷണ ഏജൻസി പുറപ്പെടുവിച്ച സമൻസുകൾ റദ്ദാക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹേമന്ത് സോറൻ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിക്ക് വിവേചനാധികാരമുണ്ടെന്നും അത് പ്രയോഗിക്കേണ്ട ഒരു കേസാണിതെന്നും വാദത്തിനിടെ സോറന്റെ അഭിഭാഷകൻ സിബൽ പറഞ്ഞു. ‘അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി വ്യക്തമാണ്, നിങ്ങൾ അതിൽ ഭേദഗതി ആവശ്യപ്പെടുന്നു. അതിനാൽ, ഹൈക്കോടതിയെ സമീപിക്കുക’ മറുപടിയായി ജസ്റ്റിസ് ഖന്ന പറഞ്ഞു.

ഭൂമി തട്ടിപ്പ് കേസിൽ ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷം ബുധനാഴ്ചയാണ് ജെഎംഎം എക്സിക്യൂട്ടീവ് പ്രസിഡൻ്റ് കൂടിയായ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റിന് മുമ്പ്, ഹേമന്ത് സോറൻ ജെഎംഎം നേതാവ് ചമ്പായി സോറനെ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി നാമനിർദ്ദേശം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button