Latest NewsIndia

ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷ്ടിച്ച ആളെ പിടിച്ചപ്പോൾ കള്ളൻ ഹെഡ് കോൺസ്റ്റബിൾ: ഏഴരപ്പവൻ സ്വർണം കണ്ടെടുത്തു

ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളയുന്ന കളളൻ പിടിയിൽ. തമിഴ്നാട് പൊലീസ് ഹെഡ് കോൺസ്റ്റബിൾ ശബരി​ഗിരി (41)യാണ് പിടിയിലായത്. ഇയാളിൽ നിന്ന് മോഷണ മുതലായ ഏഴുപവൻ സ്വർണവും കണ്ടെടുത്തു. പ്രദേശത്തെ അൻപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ ഉദ്യോ​ഗസ്ഥനാണ് ശബരി​ഗിരി. ഒരാഴ്ച മുമ്പാണ് ഇയാൾക്ക് പൊള്ളാച്ചിയിലേക്ക് സ്ഥലം മാറ്റം കിട്ടിയത്. അന്നുമുതൽ ഇയാൾ അവധിയിലായിരുന്നു. മാക്കിനാംപട്ടി സായിബാവ കോളനിയിലെ മഹേശ്വരിയുടെ നാല് പവൻ തൂക്കം വരുന്ന മാല, കോലാർപട്ടി ചുങ്കത്തിലെ ഹംസവേണിയുടെ രണ്ട് പവൻ മാല തുടങ്ങിയവ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

2003 ബാച്ച് പോലീസുകാരനായ അദ്ദേഹം ചെട്ടിപ്പാളയം പോലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായി ജോലി ചെയ്തിരുന്നു. ജനുവരി 27 ന് നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയാണ് രണ്ട് സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ചത്. മക്കിനാമ്പട്ടിയിലും പാലമനല്ലൂരിലും നടന്ന മാലപൊട്ടിക്കലിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

ശബരിയുടെ മക്കിനാമ്പട്ടിയിലെ വസതിയിൽ നിന്ന് മോട്ടോർ സൈക്കിൾ, ഹെൽമറ്റ്, ജാക്കറ്റ് എന്നിവയും പൊലീസ് പിടിച്ചെടുത്തു.ശബരിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് പൊള്ളാച്ചി ഈസ്റ്റ് പോലീസിൽ നിന്ന് മേട്ടുപ്പാളയം പൊലീസിലേക്ക് മാറ്റിയത്. പിന്നീട് ചെട്ടിപ്പാളയത്തേക്കും സ്ഥലം മാറ്റി. ചെട്ടിപ്പാളയം സ്റ്റേഷൻ പരിധിയിൽ നടന്ന മാല പൊട്ടിക്കലിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ സ്വർണം ഒളിപ്പിച്ച സ്ഥലവും വ്യക്തമായി. ശാന്തി തിയറ്ററിനു പിൻവശത്ത് എണ്ണക്യാനിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button