Latest NewsIndiaInternational

മാലിദ്വീപിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ: പൂർണമായ പിന്മാറ്റം മെയ് പത്തിനകം

ന്യൂഡൽഹി: മാലിദ്വീപിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന് ഇന്ത്യ. ഇന്ത്യ-മാലിദ്വീപ് കോർ ഗ്രൂപ്പ് യോഗത്തിന് തുടർച്ചയായാണ് മാലിദ്വീപിൽ നിന്നും സൈന്യത്തെ പിൻവലിക്കാനുള്ള ഇന്ത്യയുടെ തീരുമാനം. മെയ് 10നകം മാലിദ്വീപിൽ നിന്ന് പൂർണമായും ഇന്ത്യൻ സേന പിൻവാങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കി. ആദ്യസംഘം മാർച്ച് 10ന് മാലിദ്വീപിൽ നിന്ന് പിന്മാറും.

സേന സാന്നിധ്യം നിർബന്ധപൂർവം നിലനിർത്താൻ ആഗ്രഹിക്കുന്നില്ലെന്ന് കോർ ​ഗ്രൂപ്പ് യോ​ഗത്തിൽ ഇന്ത്യ വ്യക്തമാക്കുകയായിരുന്നു. മൂന്നാം കോർ ഗ്രൂപ്പ് യോഗം ഫെബ്രുവരിയിൽമാലിദ്വീപിൽ നടത്താനാണ് തീരുമാനം.

മാലദ്വീപിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ത്യ ധ്രുവ് ഹെലികോപ്റ്ററുകളും ഡോർണിയർ വിമാനങ്ങളും നൽകിയിരുന്നു. ഇന്ത്യൻ പ്രതിരോധ സേന ഈ വിമാനങ്ങൾ പരിപാലിക്കുകയും മാലിദ്വീപ് സേനയെ അവിടെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.

മാലിദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്‌സിന്റെ കണക്കുകൾ പ്രകാരം നിലവിൽ 77 ഇന്ത്യൻ സൈനികരും അതുമായി ബന്ധപ്പെട്ട വസ്തുവകകളും മാലിദ്വീപിലുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് സർക്കാരിലെ മൂന്ന് ഉപമന്ത്രിമാർ സമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തി പരാമർശം നടത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

ഇന്ത്യയുടെ പ്രതിഷേധത്തെത്തുടർന്ന് മാലിദ്വീപ് മന്ത്രിമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസ്സു ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യൻ സർക്കാർ മാർച്ച് 15 വരെ സമയം നൽകുന്നതായി പ്രഖ്യാപിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button