KeralaLatest News

ഇട്ടു കൊടുത്ത സാരിയിൽ പിടിക്കാൻ കൂട്ടാക്കാതെ അച്ഛനെ രക്ഷിക്കാൻ ആഴത്തിലേക്ക് പോയി നിരഞ്ജന: അച്ഛനെ ഒറ്റയ്ക്കാക്കാതെ ഏകമകൾ

റാന്നി: പമ്പാനദിയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ച സംഭവത്തിൽ കണ്ണീരണിഞ്ഞ് നാട്. ഒരാളെ കടവിലുണ്ടായിരുന്ന സ്ത്രീകൾ രക്ഷിച്ചു. റാന്നി ഉതിമൂട് കരിങ്കുറ്റിക്കൽ പുഷ്പമംഗലത്ത് അനിൽകുമാർ(52), ഏക മകൾ നിരഞ്ജന (അമ്മു-17), അനിലിന്റെ സഹോദരൻ റാന്നി വൈക്കം കുത്തുകല്ലുങ്കൽപടി അറയ്ക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുമ്പളാംപൊയ്ക വള്ളിയാനിൽ വാലുപറമ്പിൽ സുനിലിന്റെ മകൻ ഗൗതം സുനിൽ (15) എന്നിവരാണ് മരിച്ചത്.

അനിലിന്റെ സഹോദരി അനിത വിജയനെയാണ് രക്ഷിച്ചത്. നിരഞ്ജന ചിറ്റാർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയും ഗൗതം റാന്നി എം.എസ്. ഹയർസെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമാണ്. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ റാന്നി മുണ്ടപ്പുഴ പമ്പ് ഹൗസിനോട് ചേർന്ന ചന്തക്കടവിലാണ് അപകടം. അഞ്ചുപേരാണ് കുളിക്കാൻ ഇവിടെ എത്തിയത്. ഗൗതം കടവിനോട് ചേർന്നുള്ള കയത്തിൽ മുങ്ങിതാഴ്‌ന്നതോടെ രക്ഷപ്പെടുത്താൻ ശ്രമിക്കവേയാണ് മറ്റുള്ള മൂന്നുപേരും ഒഴുക്കിൽപ്പെട്ടത്.

സമീപത്ത് തുണിയലക്കി നിന്നിരുന്ന നാട്ടുകാരായ പ്രസന്നയും ഓമനയും ചേർന്ന് ഇട്ടുകൊടുത്ത സാരിയിൽ പിടിച്ച് അനിത രക്ഷപ്പെട്ടു. നിരഞ്ജനയ്ക്ക് സാരി ഇട്ടുകൊടുത്തെങ്കിലും പിടിക്കാൻ കൂട്ടാക്കാതെ അച്ഛനരികിലേക്ക് നീങ്ങുകയായിരുന്നു. ഇതോടെ മുങ്ങിത്താഴ്‌ന്നു. സമീപത്തുണ്ടായിരുന്നവർ അറിയിച്ചതനുസരിച്ച് നാട്ടുകാരും റാന്നി പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. പമ്പ് ഹൗസിന് മുമ്പിലുള്ള കയത്തിൽ 12 അടിയിലധികം വെള്ളമുണ്ടായിരുന്നു.

പത്തനംതിട്ടയിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേന സ്‌കൂബാ ടീമംഗങ്ങളും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ കരയ്‌ക്കെടുത്തത്. അഞ്ചുമണിയോടെ ഗൗതമിന്റെയും അഞ്ചരയോടെ അനിൽകുമാറിന്റെയും ആറ് മണിയോടെ നിരഞ്ജനയുടെയും മൃതദേഹം കണ്ടെടുത്തു. വിദേശത്തായിരുന്ന അനിൽകുമാർ നാട്ടിലെത്തി പെയിന്റിങ് ജോലികൾ ചെയ്തുവരുകയായിരുന്നു. സലിജയാണ് ഭാര്യ. വേറെ മക്കൾ ഇല്ല. റാന്നി ഗ്രാമന്യായാലയത്തിലെ ജീവനക്കാരി സീനാമോളാണ് ഗൗതംസുനിലിന്റെ അമ്മ. സഹോദരി: ഗൗരി. റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ പിന്നീട് റാന്നി മാർത്തോമാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button