KeralaLatest News

വിദഗ്‌ധ സമിതി അംഗീകരിച്ചതോടെ ഏക സിവില്‍ കോഡ് ബില്‍ ഇന്ന് നിയമസഭയിൽ: നിയമനിർമ്മാണം നടത്താൻ ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ: ഏക സിവിൽ കോഡ് ബിൽ ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോ​ഗം ഏക സിവിൽ കോഡിനായുള്ള വിദഗ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ചിരുന്നു. ഏക സിവിൽ കോഡ് ബിൽ അവതരണം മാത്രം അജണ്ടയാക്കിയാണ് ഉത്തരാഖണ്ഡിൽ രണ്ടുദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്. നിയമസഭയിൽ സർക്കാർ അവതരിപ്പിക്കുന്ന ബിൽ പാസായാൽ ഏക സിവിൽ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്

അതേസമയം, ബില്ലിനെ സംസ്ഥാനത്തെ പ്രതിപക്ഷം ഉൾപ്പെടെ ശക്തമായി എതിർക്കും. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ അടക്കം വിമർശനങ്ങൾക്കിടെയാണ് സംസ്ഥാനത്തെ ബിജെപി സ‍ർക്കാർ നിയമം നടപ്പാക്കാൻ ഒരുങ്ങുന്നത്. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി അറിയിച്ചിരുന്നു. ഫെബ്രുവരി 2ന് കരട് തയ്യാറാക്കാൻ നിയോ​ഗിച്ച സമിതി റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്നും വരുന്ന നിയമസഭാ സമ്മേളനത്തിൽ പാസാക്കുമെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ അറിയിപ്പ്. അയോധ്യക്ക് പിന്നാലെ ഏകീകൃത സിവിൽകോഡും ലോക്സഭാ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാനാണ് ബിജെപി തീരുമാനം.

തെരഞ്ഞെടുപ്പിന് മുൻപ് മൂന്ന് സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽകോഡ് ബിൽ പാസാക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. അയോധ്യ രാമക്ഷേത്രം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, ഏകീകൃത സിവിൽകോഡ് നടപ്പാക്കൽ എന്നിവ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആയുധങ്ങളാണ്. ആദ്യ രണ്ടും നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു. തുടർന്ന് ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങുകയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച് നടപടികൾ തുടങ്ങിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button