Latest NewsNewsIndia

ഗ്യാൻവാപി: ‘നിർത്തിക്കോ, ഒരു പള്ളിയും ഞങ്ങൾ വിട്ടു തരില്ല’ – അസദുദ്ദീൻ ഒവൈസി

ന്യൂഡൽഹി: മുസ്ലീം പക്ഷം ഹിന്ദുക്കൾക്ക് ഇനി പള്ളികളൊന്നും വിട്ടുകൊടുക്കില്ലെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. കോടതികളിൽ നിയമയുദ്ധം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. തർക്കത്തിലുള്ള ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന കേസിനെക്കുറിച്ചും മുസ്ലീം പള്ളിക്ക് താഴെ ഒരു ക്ഷേത്രം ഉണ്ടെന്നുള്ള ഹിന്ദു പക്ഷത്തിൻ്റെ അവകാശവാദങ്ങളെക്കുറിച്ചും ഒവൈസി സംസാരിച്ചു. ഇന്ത്യാ ടുഡേ ടി.വിയുമായുള്ള പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങൾ ഒരു മസ്ജിദും തരാൻ പോകുന്നില്ല, മതി. ഞങ്ങൾ കോടതിയിൽ പോരാടും. ഞങ്ങൾ ഒരിക്കൽ വഞ്ചിക്കപ്പെട്ടു. ഞങ്ങൾ വീണ്ടും വഞ്ചിക്കപ്പെടില്ല. ഡിസംബർ 6 ആവർത്തിക്കാനുള്ള പരുപാടി ആണെങ്കിൽ കാണിച്ച് തരാം’, ഒവൈസി പറഞ്ഞു.

1992 ഡിസംബർ 6-ന് ഉത്തർപ്രദേശിലെ അയോധ്യയിൽ 16-ാം നൂറ്റാണ്ടിലെ ബാബറി മസ്ജിദ് അക്രമാസക്തരായ ജനക്കൂട്ടം തകർത്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഗ്യാൻവാപി പള്ളിയുടെ തെക്കൻ നിലവറയിൽ ഹിന്ദു പുരോഹിതന് പ്രാർത്ഥന നടത്താമെന്ന് വാരണാസി കോടതി കഴിഞ്ഞ ആഴ്ച വിധിച്ചിരുന്നു.

ഗ്യാൻവാപി കേസിൽ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിലെത്താനുള്ള സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോൾ, ‘ഇത് അവസാനിക്കില്ലെന്ന് ഞാൻ വ്യക്തമായി പറയുന്നു. ഞങ്ങൾ അതിനെ നിയമപരമായി നേരിടും, ഞങ്ങളുടെ കൈവശം എന്തെല്ലാം രേഖകളും പട്ടയ സ്യൂട്ടുകളും കോടതിയെ കാണിക്കും. ഗ്യാൻവാപിയിൽ ഞങ്ങൾ തുടർച്ചയായി നമസ്‌കരിക്കുന്നു. ബാബറി മസ്ജിദ് കേസിലെ വാദം നിങ്ങൾ (മുസ്ലിംകൾ) അവിടെ പ്രാർത്ഥിക്കുന്നില്ല എന്നായിരുന്നു. ഞങ്ങൾ ഇവിടെ തുടർച്ചയായി പ്രാർത്ഥിക്കുന്നു. വാസ്തവത്തിൽ, 1993 മുതൽ ഒരു പൂജയും നടന്നിട്ടില്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഗ്യാൻവാപി മസ്ജിദിന് കീഴിൽ കണ്ടെത്തിയ ഹിന്ദു നിർമിതികളെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് പ്രതികരിച്ചുകൊണ്ട് ഒവൈസി അഭിപ്രായപ്പെട്ടു, ‘നാളെ, ഞങ്ങൾ രാഷ്ട്രപതി ഭവൻ കുഴിക്കാൻ തുടങ്ങിയാൽ, ഞങ്ങൾ എന്തെങ്കിലും കണ്ടെത്തും? ഞങ്ങൾ നൂറുകണക്കിന് വർഷങ്ങളായി സൈറ്റിൽ നമസ്കാരം അർപ്പിക്കുന്നു’, അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button