KeralaLatest News

പടിഞ്ഞാറെ കല്ലട സിപിഎമ്മിൽ കടന്ന് കൂടിയത് കഞ്ചാവ് കച്ചവടക്കാർ മുതൽ കൊടും ക്രിമിനലുകൾ വരെ- പാർട്ടിക്കുള്ളിൽ അമർഷം

കൊല്ലം: എസ്എഫ്ഐ വനിതാ നേതാവിനെ പീഡിപ്പിച്ച് പണം തട്ടിയ കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായതോടെ പുറത്തുവരുന്നത് പടിഞ്ഞാറെ കല്ലടയിലെ സിപിഎമ്മിൽ കടന്നുകയറിയ കൊടും ക്രിമിനലുകളെ കുറിച്ചുള്ള വിവരങ്ങൾ. പടിഞ്ഞാറെ കല്ലടയിലെ സിപിഎമ്മിന്റെ സംരക്ഷണയിലാണ് പ്രദേശത്തെ കഞ്ചാവ് കച്ചവടക്കാർ മുതൽ കൊടും ക്രിമിനലുകൾ വരെയെന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്. കടപുഴ കേന്ദ്രീകരിച്ചുള്ള സാമൂഹിക വിരുദ്ധർക്ക് സംരക്ഷണത്തിനുള്ള ലേബലാണ് ഇപ്പോൾ പടിഞ്ഞാറെ കല്ലടയിലെ ഡിവൈഎഫ്ഐ എന്നാണ് ആരോപണം.

ഒരാഴ്ച്ചയ്ക്കുള്ളിൽ പ്രദേശത്തെ ക്ഷേത്രത്തിൽ ആക്രമണം നടത്തിയതും ഇടതു നേതാവായ ​ഗ്രാമപഞ്ചായത്തം​ഗത്തെ ലൈബ്രറിയിൽ കയറി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും ഡിവൈഎഫ്ഐയുടെ ലേബലിൽ ഈ സംഘമായിരുന്നു. മുമ്പ് മാധ്യമ പ്രവർത്തകന്റെ വീടുകയറി ല​ഹരി സംഘം അക്രമം നടത്തിയപ്പോഴും ലഹരി സംഘത്തെ സംരക്ഷിക്കാനെത്തിയത് ​ഗ്രാമ പഞ്ചായത്ത് അം​ഗമായ സിപിഎം നേതാവായിരുന്നു. ഇവരെ തിരുത്താനോ സംഘടനയിൽ നിന്നും പുറത്താക്കാനോ പ്രദേശത്തെ സിപിഎം – ഡിവൈഎഫ്ഐ നേതൃത്വവും തയ്യാറാകാത്തതിൽ പാർട്ടിക്കുള്ളിലെ ഒരു വിഭാ​ഗത്തിന് ശക്തമായ അമർഷമുണ്ട്.

പാർട്ടിയിലേക്ക് വരുന്നവരുടെ പശ്ചാത്തലവും ഉ​ദ്ദേശങ്ങളും പരിശോധിക്കാതെ സ്വീകരിക്കുന്ന നിലപാടാണ് ഇവിടുത്തെ പ്രാദേശിക നേതൃത്വം സ്വീകരിക്കുന്നത്. എന്ത് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാലും അവർക്ക് സംരക്ഷണം നൽകുന്നതും പാർട്ടിയാണ്. ക്രിമിനലുകളെ കൂടാതെ ജാതി സംഘടനകളുടെ നേതാക്കളും പടിഞ്ഞാറെ കല്ലടയിലെ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാരായും ലോക്കൽ കമ്മിറ്റി അം​ഗങ്ങളായും പ്രവർത്തിക്കുന്നുണ്ട്. പാർട്ടി സ്കൂളിൽ ഇവിടുത്തെ ലോക്കൽ കമ്മിറ്റി അം​ഗത്തിന്റെ ആർ എസ് എസുകാരനായ മരുമകന്റെ ഭാര്യക്ക് ജോലി നൽകിയതുമായി ബന്ധപ്പെട്ട വിവാദവും കെട്ടടങ്ങും മുമ്പാണ് യുവ നേതാവ് പീഡനക്കേസിൽ അകത്താകുന്നത്.

എസ്എഫ്ഐ വനിതാ നേതാവിനെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവിനെ സംരക്ഷിക്കാൻ പാർട്ടി തലത്തിൽ ശ്രമമെന്ന് ആരോപണവും ശക്തമാണ്. എസ്എഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ അറസ്റ്റിലായ പടിഞ്ഞാറെ കല്ലട കോയിക്കൽഭാഗം സ്വദേശി വിശാഖ് കല്ലട(27)യെ സംരക്ഷിക്കാൻ പ്രദേശത്തെ പ്രമുഖ സിപിഎം നേതാക്കൾ ഇടപെടുന്നെന്നാണ് ആരോപണം. പ്രതിക്കെതിരെ ഇപ്പോഴും പീഡന കുറ്റം ചുമത്താത്തത് അട്ടിമറിയാണെന്ന വാദം സജീവമാണ്.

യാതൊരു തൊഴിലും ഇല്ലാതിരുന്ന പ്രതി ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. പരാതിക്കാരിയായ പെൺകുട്ടിയുടെ കയ്യിൽ നിന്നും തട്ടിയെടുത്ത പണം കൊണ്ടായിരുന്നു ഇയാളുടെ ആഡംബര ജീവിതം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇയാൾ ഉപയോഗിച്ചിരുന്ന എൻഫീൽഡ് ബുള്ളറ്റിന്റെ സി.സി അടച്ചിരുന്നതും വിദ്യാർത്ഥിനിയുടെ പണം ഉപയോഗിച്ചായിരുന്നു എന്ന് കെണ്ടെത്തിയിട്ടുണ്ട്.

ഡിവൈഎഫ്ഐ. പടിഞ്ഞാറെ കല്ലട മേഖലാ കമ്മിറ്റി അംഗവും കടപുഴ യൂണിറ്റ് സെക്രട്ടറിയും സിപിഎം. കോയിക്കൽഭാഗം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ‘മാതൃകം’ പരിപാടിയുടെ ഭാഗമായാണ് ഇയാൾ വിദ്യാർത്ഥിനിയെ പരിചയപ്പെട്ടതും പ്രണയത്തിലായതും. എസ് എഫ് ഐയ്ക്കു കീഴിലെ വനിതാ ശാക്തീകരണ സംവിധാനമാണ് മാതൃകം. ശാസ്താംകോട്ട കായൽ തീരത്തെ മുളങ്കാടുകളായിരുന്നു ഇവരുടെ വിഹാരകേന്ദ്രം. ഇവിടേക്ക് പ്രതി നിർബന്ധിച്ചായിരുന്നു പെൺകുട്ടിയെ കൊണ്ടുപോയിരുന്നത്. ഒരു വർഷമായി പീഡിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പ്രതി പിന്മാറുകയായിരുന്നു.

കാമുകിയുടെ അമ്മയിൽ നിന്നും ഗൂഗിൾ പേയിൽ പണം വാങ്ങിയതോടെ സാമ്പത്തിക തട്ടിപ്പിന് തെളിവായി. ഗൂഗിൾ പേയിലെ അക്കൗണ്ട് വിവരങ്ങളാണ് പരാതിക്കാരിക്ക് തുണയായതെന്ന് പൊലീസും സമ്മതിക്കുന്നു. അല്ലാത്ത പക്ഷം ഡിവൈഎഫ്‌ഐക്കാരനെ തൊടാൻ പൊലീസിന് കഴിയുമായിരുന്നില്ല. ഇയാളെ രക്ഷിക്കാൻ വൻ രാഷ്ട്രീയ സമ്മർദ്ദവും പൊലീസിന് മുകളിൽ ഉണ്ടായിരുന്നു.

മറ്റൊരു പെൺകുട്ടിയുമായി വിശാഖ് അടുപ്പത്തിലായതോടെയാണ് എസ്എഫ്ഐ പ്രവർത്തക പൊലീസിൽ പരാതി നൽകിയത്. സ്ഥിരം മദ്യപാനിയായ വിശാഖിനെതിരെ ശാസ്താംകോട്ട പൊലീസിൽ അടിപിടി കേസുണ്ട്. സമാനമായ മറ്റൊരു പരാതിയും വിശാഖിനെതിരെയുണ്ടായിരുന്നെങ്കിലും ആ കേസ് ഒത്തുതീർപ്പായിരുന്നു.

പലതവണയായി പെൺകുട്ടിയുടെ വീട്ടുകാരിൽനിന്ന് ഒൻപതുലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. കൂടാതെ സ്വർണം കൈക്കലാക്കിയതായും പെൺകുട്ടി പൊലീസിന് മൊഴിനൽകി. കോളേജിൽ നടന്ന ഒരു പരിപാടിയിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഒന്നരവർഷമായി ഇരുവരും അടുപ്പത്തിലാണ്. അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴി ഗൂഗിൾപേയിലൂടെയാണ് യുവാവിന് പണം കൈമാറിയതെന്ന് കണ്ടെത്തി. അതിനിടയിൽ യുവാവ് വിവാഹത്തിൽനിന്ന് പിന്മാറുന്നതായി കുട്ടിക്ക് ബോധ്യപ്പെട്ടു. പണം തട്ടിയെടുത്തു വഞ്ചിക്കലാണ് ശ്രമമെന്നും തിരിച്ചറിഞ്ഞു.

അതോടെ വിവരം രക്ഷിതാക്കളോടു പറഞ്ഞു. കഴിഞ്ഞദിവസം പെൺകുട്ടി ബന്ധുക്കളോടൊപ്പം എത്തി ശാസ്താംകോട്ട പൊലീസിൽ പരാതിനൽകി. തുടർന്ന് മൊഴിരേഖപ്പെടുത്തി പട്ടികജാതി പീഡന നിരോധന നിയമം, വഞ്ചനാകുറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. അറസ്റ്റിലായ വിശാഖിനെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button