KeralaLatest News

‘വിദേശ സർവകലാശാലകൾ കേരളത്തിൽ വേണ്ട’ : ബജറ്റിലെ പ്രഖ്യാപനത്തില്‍ എതിര്‍പ്പുമായി എസ്.എഫ്.ഐ

കോഴിക്കോട്: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സഭയില്‍ അവതരിപ്പിച്ച ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ എതിര്‍പ്പുമായി എസ്.എഫ്.ഐ. വിദേശ സർവകലാശാലകൾ സംസ്ഥാനത്ത് വേണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ പറഞ്ഞു. ഗോഡ്സെയെ പുകഴ്ത്തി നിലപാടെടുത്ത അധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് എൻഐടിയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിനുശേഷം സംസാരിക്കുകയായിരുന്നു അവർ.

സ്വകാര്യ സർവകലാശാലകൾ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് സർക്കാരിന്റെ നിന്ത്രണത്തിലായിരിക്കണം പ്രവർത്തിക്കേണ്ടത്. എന്നാൽ വിദേശ സർവകലാശാലകളെ അംഗീകരിക്കാൻ സാധിക്കില്ല. ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരുമായി ചർച്ച നടത്തുമെന്നും അനുശ്രീ അറിയിച്ചു.

ഇന്നലെ അവതരിപ്പിച്ച ബജറ്റിലാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിദേശ സർവകലാശാലകളെയും സ്വകാര്യ സർവകലാശാലകളെയും സ്വാഗതം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ എസ്എഫ്ഐ നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിരുന്നു.

എസ്എഫ്ഐ നേതൃത്വം പണ്ട് ചെയ്തതും പറഞ്ഞതുമൊക്കെ തെറ്റാണെന്ന് സമ്മതിക്കണമെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ മാറിയ കാലത്തിനനുസരിച്ച് നിലപാട് പുതുക്കി എന്നു തുറന്ന് സമ്മതിക്കണം. ഇതു രണ്ടും പറ്റില്ലെങ്കിൽ പണ്ട് ടി.പി. ശ്രീനിവാസനു കൊടുത്തതു പോലെ ഒരെണ്ണം ബാലഗോപാൽ സഖാവിനു കൊടുത്തിട്ട് എസ്എഫ്ഐയുടെ ചരിത്രം ഓർമിപ്പിക്കുകയെങ്കിലും വേണമെന്നാണ് ആൻ സെബാസ്റ്റ്യൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button