KeralaLatest News

ഇന്നലെ കോടതി ലൈസൻസെവിടെയെന്ന് ചോദിച്ചു, പിവി അൻവറിന്റെ പാർക്കിന് ലൈസൻസ് നൽകി പഞ്ചായത്ത്: കേസ് ഇന്ന് കോടതി പരിഗണിക്കും

തിരുവമ്പാടി: കക്കാടംപൊയിലിൽ നിലമ്പൂർ എം.എൽ. എ. പി.വി. അൻവറിന്റെ ഉടമസ്ഥതയിലുള്ള പി.വി.ആർ. നാച്വറാ പാർക്കിന് കൂടരഞ്ഞി പഞ്ചായത്ത് ഒടുവിൽ ലൈസൻസ് നൽകി. ലൈസൻസ് കുടിശ്ശികയായിരുന്ന ഏഴുലക്ഷം രൂപ ഗ്രാമപ്പഞ്ചായത്തിൽ അടച്ചതിനെത്തുടർന്നാണ് ബുധനാഴ്ച പാർക്കിന് പഞ്ചായത്ത് അനുമതി നൽകിയത്. വെള്ളവും വൈദ്യുതിസംവിധാനങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഗാർഡനും റൈഡറും ഉൾപ്പെടുന്ന പാർക്കിന് മാത്രമേ അനുമതി നൽകിയിട്ടുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു.

അതേസമയം, ആറു മാസമായി പഞ്ചായത്ത് ലൈസൻസില്ലാതെ പാർക്ക് പ്രവർത്തിച്ചുപോന്നത് വിവാദമാകുകയാണ്. ലൈസൻസില്ലാതെ പാർക്ക് പ്രവർത്തിച്ചതിനെതിരേ കഴിഞ്ഞദിവസം ഹെക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ലൈസൻസിന് നൽകിയ അനുബന്ധ രേഖകളിൽ പിഴവുള്ളതിനെത്തുടർന്നാണ് ലൈസൻസ് നൽകാതിരുന്നതെന്നാണ് പഞ്ചായത്ത് അധികൃതർ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.

പരിസ്ഥിതി ദുർബലപ്രദേശത്ത് സ്ഥിതിചെയ്യുന്ന പാർക്ക് പിഞ്ചുകുഞ്ഞുങ്ങളുടെ സുരക്ഷയാണ് മുൾമുനയിൽ നിർത്തുന്നതെന്നും ലൈസൻസില്ലാതിരുന്നിട്ടുകൂടി ഇത്രയും നാൾ പാർക്ക് പ്രവർത്തിച്ചത് പഞ്ചായത്തിന്റെ മൗനാനുമതിയോടെയാണെന്നും പരാതിക്കാരനായ ടി. വി. രാജൻ മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ചുവർഷത്ത ഇടവേളയ്ക്കുശേഷം 2023 ഓഗസ്റ്റിലാണ് സർക്കാർ ഉത്തരവിനെത്തുടർന്ന് കുട്ടികളുടെ പാർക്ക് മാത്രം തുറക്കാൻ അനുമതി നൽകിയിരുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. സ്റ്റീൽ ഫെൻസിങ്ങിനുള്ളിൽ ആയിരിക്കണം പ്രവർത്തനമെന്നും വാട്ടർ റൈഡുകൾ പണിത സ്ഥലവുമായി ഇതിന് ബന്ധമില്ലെന്ന് ഉടമ ഉറപ്പുവരുത്തണമെന്നും ശേഷിക്കുന്ന നിർമാണ പ്രവൃത്തികളിൽ അപകടസാധ്യതാപരിശോധന നടത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിരുന്നു.

2018-ൽ കനത്ത മഴയോടൊപ്പമുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ, പി.വി.ആർ. നാച്വറോ പാർക്ക് പൂട്ടിയത്.ഉരുൾപൊട്ടലിനെത്തുടർന്ന് അടച്ച പാർക്ക് പഠനം നടത്താതെ തുറക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ അനധികൃത നിർമിതികൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണസമിതി മുൻ ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹരജി ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ദുരന്തനിവാരണ നിയമം-2015 സെക്‌ഷൻ 55, സെക്‌ഷൻ 30, സെക്‌ഷൻ 22 തുടങ്ങിയ നിബന്ധനകൾ പൂർണമായും പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button