Latest NewsIndia

പഞ്ചാബിലും ചണ്ഡീഗഡിലും കോണ്‍ഗ്രസിനൊപ്പമല്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി: ഇൻഡ്യ സഖ്യത്തിന് തിരിച്ചടി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ‘ഇന്ത്യ’ സഖ്യത്തിന് വീണ്ടും തിരിച്ചടി. പഞ്ചാബിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ അറിയിച്ചു. സംസ്ഥാനത്തെ 13 സീറ്റുകളിലേക്ക് 40 സ്ഥാനാർഥികളുടെ ആദ്യ പട്ടിക തയ്യാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യാ സഖ്യരൂപീകരണം മുതൽതന്നെ എഎപി-കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നുണ്ടായിരുന്നു. ആം ആദ്മി പാർട്ടി അധികാരത്തിലുള്ള ഡൽഹിയിലേയും പഞ്ചാബിലേയും കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന് സഖ്യത്തിൽ താത്പര്യമില്ല. നേരത്തെ പ്രാദേശിക നേതൃത്വങ്ങളുടെ എതിർപ്പുകളെ തുടർന്ന് ഡൽഹി ഓർഡിനൻസ് ബില്ലിൽ അവസാന നിമിഷമാണ് കോൺഗ്രസ് നേതൃത്വം എഎപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യങ്ങളിൽ സഖ്യത്തിനുള്ളിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ പുറത്തേക്കുവരുന്നത് പ്രതിപക്ഷത്തെസംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് നേരത്തെ മമതാ ബാനർജി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആം ആദ്മിയും തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത്. പഞ്ചാബിലെ ഖന്നയില്‍ റേഷന്‍ വിതരണത്തെക്കുറിച്ചുള്ള ഒരു പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു കെജ്രിവാള്‍.

‘രണ്ട് മാസത്തിനുള്ളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ 13 സീറ്റുകളും ചണ്ഡീഗഢില്‍ നിന്ന് ഒരു സീറ്റും അടക്കം ആകെ 14 സീറ്റുകളുണ്ട്. അടുത്ത 10-15 ദിവസത്തിനുള്ളില്‍ ഈ 14 ലും എഎപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ഈ 14 സീറ്റുകളും നിങ്ങള്‍ എഎപിയെ ഭൂരിപക്ഷത്തോടെ ജയിപ്പിക്കാന്‍ സഹായിക്കണം,’ കെജ്രിവാള്‍ പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും വേദിയിലുണ്ടായിരുന്നു. ”നിങ്ങള്‍ ഞങ്ങളുടെ കൈകള്‍ എത്രത്തോളം ശക്തമാക്കുന്നുവോ അത്രത്തോളം ഞങ്ങള്‍ക്ക് കൂടുതല്‍ ജോലി ചെയ്യാന്‍ കഴിയും. രണ്ട് വര്‍ഷം മുമ്പ് പഞ്ചാബിലെ 117ല്‍ 92 സീറ്റുകള്‍ നല്‍കി നിങ്ങള്‍ ഞങ്ങളെ അനുഗ്രഹിച്ചു. ഇപ്പോള്‍ വീണ്ടും കൈ കൂപ്പി നിങ്ങളുടെ അനുഗ്രഹം ചോദിക്കാനാണ് ഞാന്‍ ഇവിടെ വന്നത്, കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button