KeralaLatest News

മുൻപിൽ പോയ ആനയെ പാപ്പാന്മാർ മർദിക്കുന്നത് കണ്ട് പേടിച്ച് പാലക്കാട് ഉത്സവത്തിന് എഴുന്നള്ളിച്ച ആന ഇടഞ്ഞോടി

പാലക്കാട്: പാലക്കാട് കണയം കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. കണയം സെന്‍ററില്‍ നിന്ന് ഷൊർണൂർ – നിലമ്പൂർ റെയിൽപാത കടന്നയുടനെയാണ് തിരിഞ്ഞോടിയത്. ആന ആൾക്കൂട്ടത്തിനിടയിലൂടെ ഓടിയെങ്കിലും ആരെയും ഉപദ്രവിക്കാതിരുന്നതുകൊണ്ട് വൻദുരന്തമാണ് ഒഴിവായത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. മുമ്പിൽ പോകുന്ന ആനയെ പാപ്പാൻമാർ മർദിക്കുന്നത് കണ്ട് പുറകെ വന്ന ആന പേടിച്ച് തിരിഞ്ഞോടുകയായിരുന്നു. പിറകെ നടന്നവരും പൂരം ആസ്വദിക്കാനെത്തിയവരും പരിഭ്രാന്തരായി. ഓടുന്നതിനിടെ പലരും ആനയുടെ മുന്നിൽ വീണു. എന്നാൽ ആരെയും ആന ഉപദ്രവിച്ചില്ല.

ആനപ്പുറത്തുണ്ടായിരുന്നവരിൽ ഒരാൾ താഴേക്ക് വീണെങ്കിലും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. 100 മീറ്റർ പിന്നിടുമ്പോഴേക്കും പാപ്പാൻമാർ ആനയെ നിയന്ത്രണത്തിലാക്കി. രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വീണ പലർക്കും ചെറിയ പരിക്കുണ്ട്. ചീരോത്ത് രാജീവ് എന്ന ആനയാണ് എഴുന്നള്ളിപ്പ് ആരംഭിച്ചത് മുതൽ പ്രശ്നങ്ങളുണ്ടാക്കിയത്. ഈ ആനയെ വരുതിയിൽ നിർത്താൻ പാപ്പാൻമാർ അടിക്കുകയായിരുന്നു. ഇതു കണ്ട് പേടിച്ചാണ് ചിറക്കൽ പരമേശ്വരൻ എന്ന ആന ഓടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button