KeralaLatest News

‘ദയവായി പോലീസിനെ വിളിക്കൂ, കൂടെയുള്ള മാവോയിസ്റ്റുകൾ എന്നെ ഉപേക്ഷിച്ച് പോയതാണ്’ – കാട്ടാനയുടെ ചവിട്ടേറ്റ മാവോവാദി

കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മാവോവാദി സുരേഷിനെ ജനവാസമേഖലയില്‍ ഉപേക്ഷിച്ച് കൂടെയുള്ള അഞ്ചംഗ സംഘം. സുരേഷിനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ച പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യര്‍ സംഭവത്തെക്കുറിച്ച് പറയുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്.

‘വെള്ളിയാഴ്ച കാഞ്ഞിരക്കൊല്ലിയില്‍ സ്‌കൂള്‍ വാര്‍ഷികച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ വൈകിട്ട് 6.40-നാണ് വാലുമല്‍ വാസുദേവന്‍ ഫോണില്‍ വിളിച്ച് ചിറ്റാരിക്കോളനിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ ഒരു മാവോവാദിയെ ഏതാനുംപേര്‍ ഉപേക്ഷിച്ച് പോയെന്നും ഉടന്‍ സ്ഥലത്തെത്തണമെന്നും പറഞ്ഞത്. ഒറ്റവാക്കില്‍ പ്രസംഗം അവസാനിപ്പിച്ച് പഞ്ചായത്തംഗം ജില്‍സണ്‍ കണികത്തോട്ടത്തോടൊപ്പം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. പോലീസിനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു.7.05-ന് കോളനിയിലെത്തി. ചപ്പിലി കൃഷ്ണന്റെ വീട്ടിലാണ് മാവോവാദി സുരേഷ് കിടന്നിരുന്നത്.

കൃഷ്ണന്റെ വീട് ഒറ്റപ്പെട്ട സ്ഥലത്താണ്. കോളനിവാസികള്‍ ആകെ ഭയന്ന നിലയിലായിരുന്നു. ജീപ്പിന്റെ വെട്ടം കണ്ട് ചിലര്‍ പുറത്തുവന്നു. കൃഷ്ണനില്‍നിന്ന് വിവരങ്ങള്‍ മനസ്സിലാക്കി. മാവോവാദി പ്രവര്‍ത്തകനാണെന്നും മൂന്നുദിവസം മുമ്പ് കാട്ടാനയുടെ ആക്രമണത്തിനിരയായെന്നും നെഞ്ചിന് ചവിട്ടേറ്റിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു. പോലീസിനെ വിളിച്ചോളാനും കൂടെയുള്ളവര്‍ ഉപേക്ഷിച്ച് പോയതാണെന്നും ഇയാൾ തന്നെയാണ് പറഞ്ഞത്.

സുരേഷില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും പോലീസിനെ വിളിച്ചു. മാവോവാദികള്‍ ആയുധധാരികളായതിനാല്‍ അങ്ങോട്ട് വരുന്നില്ലെന്നും ആംബുലന്‍സ് അയക്കാമെന്നും പോലീസ് പറഞ്ഞു. അല്പസമയത്തിനുള്ളിൽ ആംബുലന്‍സെത്തി. ഡ്രൈവറും ഒരു നഴ്സും അതിലുണ്ടായിരുന്നു. സുരേഷിനെ ആംബുലന്‍സില്‍ കയറ്റി പാടാംകവലയിലെത്തി. അവിടെ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.

പോലീസ് ഉടന്‍ ആംബുലന്‍സില്‍ കയറി സുരേഷുമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് തിരിച്ചു.’.സജു സേവ്യർ പറഞ്ഞു നിർത്തി.

സായുധരായ അഞ്ച് മാവോവാദികള്‍ ചേര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സുരേഷിനെ ചിറ്റാരി കോളനിയിലെ ചപ്പിലി കൃഷ്ണന്റെ വീട്ടിലെത്തിച്ചത്. ഇടതുകാലിനും നെഞ്ചിനും പരിക്കേറ്റ ഇയാളെ കമ്പുകളില്‍ കമ്പിളി കെട്ടി അതിലിരുത്തി എടുത്തുകൊണ്ടാണ് വന്നത്. ഇതിനുശേഷം വീട്ടുകാരില്‍നിന്ന് അരിയും ഭക്ഷണസാധനങ്ങളും വാങ്ങി ഇവര്‍ മടങ്ങി. മൂന്നുദിവസംമുന്‍പ് ആനയുടെ ചവിട്ടേറ്റതാണെന്നും ചികിത്സ നല്‍കണമെന്നും സുരേഷ് വീട്ടുകാരോടാവശ്യപ്പെട്ടു. തുടർന്നാണ് വീട്ടുകാർ വിവരം പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button