KeralaLatest NewsIndia

കാണാതായ രണ്ടുവയസ്സുകാരിയെ വില്പനയ്ക്കു കൊണ്ടുവന്നതാണോയെന്ന് അന്വേഷണം, ഡിഎൻഎ ടെസ്റ്റ് നടത്താൻ പോലീസ്

തിരുവനന്തപുരം : ചാക്കയില്‍നിന്ന് രണ്ടുവയസ്സുകാരിയെ കാണാതായ സംഭവത്തില്‍ ദുരൂഹതകളകറ്റാൻ പോലീസ്. ഡി.എൻ.എ. പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിളെടുത്തു. ഇത് പോലീസിന്റെ ഫൊറൻസിക് ലാബിലേക്കയച്ചു. ഫലം ഒരാഴ്ചയ്ക്കകം ലഭിച്ചേക്കും. കുഞ്ഞിന്റെ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. രക്തത്തില്‍ മദ്യത്തിന്റെ സാമ്പിള്‍ അടങ്ങിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഒപ്പം വില്‍പ്പനയ്ക്കു കൊണ്ടുവന്നതാണോയെന്നതും അന്വേഷണപരിധിയിലുണ്ട്.

കുഞ്ഞ് എങ്ങനെ പൊന്തക്കാട്ടിലെ ഓടയിലെത്തി എന്നതില്‍ അന്വേഷണസംഘത്തിന് ഇതുവരെയും വ്യക്തത വന്നിട്ടില്ല. ആരെങ്കിലും എടുത്തുകൊണ്ടുപോയി ഉപേക്ഷിച്ചതാണോയെന്ന കാര്യം പോലീസ് ഇപ്പോഴും ഉറപ്പിക്കുന്നില്ല. കുഞ്ഞിന്റെ ശരീരത്തില്‍ പോറലേറ്റ പാടുകളൊന്നുമില്ല.കുഞ്ഞ് എങ്ങനെ ഓടയിലെത്തിയെന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുവെന്നും അന്വേഷണം പുരോഗമിക്കുന്നതായും ഡി.സി.പി. നിധിൻ രാജ് പറഞ്ഞു.

അന്വേഷണം കഴിയുന്നതുവരെ കുഞ്ഞ് തലസ്ഥാനത്തു തുടരണമെന്ന് ബന്ധുക്കള്‍ക്ക് പോലീസ് നിർദേശം നല്‍കി.പൊന്തക്കാട്ടിലേക്ക് കുഞ്ഞ് സ്വയം നടന്നുപോകില്ലെന്നാണ് അച്ഛൻ പറയുന്നത്. കിടക്കുന്ന സ്ഥലം വിട്ട് ഇതേവരെ കുഞ്ഞ് പോയിട്ടില്ല.കുഞ്ഞ് റെയില്‍വേ ട്രാക്കിനു സമീപത്തേക്കു പോയിട്ടില്ലെന്നും അച്ഛൻ പറയുന്നു. സംഭവത്തില്‍ കൂട്ടത്തിലുള്ളയാളുകളെ സംശയമില്ലെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. നാടോടിസംഘങ്ങളെ കേന്ദ്രീകരിച്ചും സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം, കുഞ്ഞ് സർക്കാർസംരക്ഷണയില്‍ ആണ് ഇപ്പോൾ ഉള്ളത്. ഇതിൽ ബന്ധുക്കള്‍ക്കു പ്രതിഷേധം ഉണ്ട്. രണ്ടുദിവസമായി എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് വ്യാഴാഴ്ച വൈകിട്ടോടെ ആശുപത്രി വിട്ടു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. കുട്ടിയെ വേഗം വിട്ടുതരണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വ്യാഴാഴ്ച രാവിലെ ആശുപത്രിയില്‍ ബഹളമുണ്ടാക്കിയിരുന്നു. നാലുമണിക്കൂർ നേരം ഇവർ പ്രതിഷേധിച്ചു.

ഇതിനു പിന്നാലെ കുട്ടിയെ ഡിസ്ചാർജ് ചെയ്ത് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലേക്കു മാറ്റി. ഇവിടെനിന്ന് അമ്മയെയും കുഞ്ഞിനെയും വഞ്ചിയൂരിലുള്ള സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റാൻ കമ്മിറ്റി ഉത്തരവിട്ടെങ്കിലും മാതാപിതാക്കള്‍ പോകില്ലെന്നു ശാഠ്യംപിടിച്ചു.അതിനാല്‍ ഇവരെ മാറ്റാനായില്ല. നാട്ടിലേക്കു വിടണമെന്നാണ് ഇവരുടെ ആവശ്യം. അന്വേഷണം കഴിഞ്ഞാല്‍ മാത്രമേ കുഞ്ഞിനെ വിട്ടുനല്‍കൂവെന്ന് ജില്ലാ ബാലക്ഷേമസമിതി അധ്യക്ഷ ഷാനിബ ബീഗം വ്യക്തമാക്കി.

കൗണ്‍സലറുടെ സഹായത്തോടെ കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്‌.നാഗരാജു പറഞ്ഞു. പേടി വിട്ടുമാറിയിട്ടില്ലാത്തതിനാല്‍ കുഞ്ഞിന് കൗണ്‍സിലിങ് ഏർപ്പാടാക്കുന്നുണ്ട്. അതിനിടെ, കുഞ്ഞിന്റെ ബന്ധുക്കളായ മൂന്നുപേരെ പേട്ട പോലീസ് ചോദ്യംചെയ്തു. ഇവരുടെ മൊഴികള്‍ രേഖപ്പെടുത്തി. നേരത്തേ കൊടുത്ത മൊഴികളില്‍ വൈരുധ്യമുള്ളതിനാലാണ് വീണ്ടും ചോദ്യംചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button