Latest NewsNewsIndia

കടലിനടിയിൽ ശ്രീകൃഷ്ണ പൂജ, അറബിക്കടലിൽ മുങ്ങി പ്രധാനമന്ത്രി: വാചാലനായി മോദി

ഗാന്ധിനഗർ: ആഴക്കടലിലെ അതിമനോഹര ദൃശ്യങ്ങൾ ആസ്വദിച്ച അനുഭവങ്ങൾ ജനങ്ങളുമായി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്രത്തിനിടയിലെ ദ്വാരക നഗരം ദർശിച്ചതിന്റെ അനുഭവമാണ് അദ്ദേഹം ജനങ്ങളുമായി പങ്കുവെച്ചത്. സ്‌കൂബാ ഡൈവിലൂടെയാണ് അദ്ദേഹം കടലിനടിയിലെ കാഴ്ച്ചകൾ ആസ്വദിച്ചത്. ദ്വാരകാധിഷ് ക്ഷേത്ര ദർശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ സ്‌കൂബാ ഡൈവിംഗ്.

തന്നോടൊപ്പം ഇനിയെന്നെന്നും നിലനിൽക്കുന്ന നിമിഷങ്ങളാണ് ഇന്ന് അനുഭവിക്കാൻ കഴിഞ്ഞതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഴക്കടലിലേക്ക് പോയി പുരാതന ദ്വാരക നഗരത്തെ ദർശിക്കാൻ സാധിച്ചു. സമുദ്രത്തിനടിയിലുള്ള ദ്വാരക നഗരത്തെക്കുറിച്ച് പുരാവസ്തു ഗവേഷകർ നിരവധി വസ്തുതകൾ എഴുതിയിട്ടുണ്ട്. ലോകത്തിന്റെ നെറുകയോളം ഉയർന്നുനിൽക്കുന്ന വമ്പൻ കെട്ടിടങ്ങളും അതിമനോഹരമായ കവാടങ്ങളും നിറഞ്ഞതായിരുന്നു ദ്വാരക നഗരമെന്ന് നമ്മുടെ എഴുത്തുകാരും പറഞ്ഞിട്ടുണ്ട്. ഭഗവാൻ ശ്രീകൃഷ്ണൻ നിർമ്മിച്ച നഗരമാണിതെന്നും അദ്ദേഹം അറിയിച്ചു.

ആഴക്കടലിലേക്ക് സഞ്ചരിച്ച് അവിടെയെത്തിയപ്പോൾ ആ ദൈവികത തനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. ദ്വാരകാധിഷന്റെ മുന്നിൽ പ്രണാമം അർപ്പിച്ചു. മയിൽപ്പീലിയുമായാണ് താൻ അവിടേക്ക് പോയത്. ഭഗവാന്റെ പാദങ്ങളിൽ ആ പീലികൾ താൻ സമർപ്പിച്ചു. പുരാതന ദ്വാരക നഗരത്തിൽ പോകണമെന്നത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. വലിയ ആകാംക്ഷയിലായിരുന്നു താൻ. ഇന്ന് അവിടെയെത്തി പുരാതന നഗരിയിലെ ശേഷിപ്പുകളിൽ സ്പർശിക്കാൻ കഴിഞ്ഞു. ദശാബ്ദങ്ങൾ നീണ്ട സ്വപ്നമാണ് ഇന്ന് യാഥാർത്ഥ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആഴക്കടലിലെ അതിമനോഹര ദൃശ്യങ്ങൾ ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ വൈറലാകുകയാണ്. പ്രധാനമന്ത്രി സ്‌കൂബ ഡൈവ് ചെയ്യുന്ന ചിത്രങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. നാവികസേനയുടെ മുങ്ങൽ വിദഗ്ധരോടൊപ്പമാണ് പ്രധാനമന്ത്രി കടലിലിറങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചിട്ടുണ്ട്. നാവികസേനാ ഉദ്യോഗസ്ഥരോടൊപ്പം കടലിൽ നിൽക്കുന്നതിന്റെയും സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് കടലിൽ മുങ്ങുന്നതിന്റെയും ചിത്രങ്ങൾ അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ ഷെയർ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button