KeralaLatest NewsNews

‘വിദ്യാർഥികളെ വിളിച്ചുകൂട്ടി മദ്യപിക്കുന്ന അധ്യാപകർ’: അവിശുദ്ധ കൂട്ടുകെട്ടെന്ന് മുൻ വിസി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിനെതിരെ വെളിപ്പെടുത്തലുമായി മുൻ വൈസ് ചാൻസലർ. കുത്തഴിഞ്ഞ പുസ്തകമായിരുന്നു പൂക്കോട് വെറ്ററിനറി കോളേജെന്ന് മുൻ വൈസ് ചാൻസിലറായിരുന്ന ബി അശോക് ഐഎഎസ് പറഞ്ഞു. അധ്യാപകരും വിദ്യാർത്ഥികളും അനധ്യാപകരും തമ്മിലുള്ള കൂട്ടുകെട്ടുകൾ വളർന്ന് അഡ്മിനിസ്‌ട്രേഷന് നിയന്ത്രണാധികാരം നഷ്ടപ്പെട്ടതാവാം ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

കോളേജിൽ അധ്യാപകരും വിദ്യാർഥികളും അനധ്യാപകരും തമ്മിലുള്ള കൂട്ടുകെട്ട് നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാൽ പരമാവധി അത്തരം കൂട്ടുകെട്ടുകൾ വളരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. അധ്യാപകർക്കുള്ള ക്വാർട്ടേഴ്‌സിൽ വിദ്യാർഥികളെ വിളിച്ചുകൂട്ടി മദ്യപിച്ചതിന് അധ്യാപകനെതിരെ നടപടി എടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഏതെങ്കിലും വിഷയത്തിൽ അധ്യാപകർക്കെതിരെയോ വിദ്യാർഥികൾക്കെതിരെയോ നടപടി എടുക്കേണ്ട സാഹചര്യം ഉണ്ടായാൽ അധ്യാപകരും വിദ്യാർഥികളും അനധ്യാപകരും ചേർന്ന് ഐക്യ സമര സമിതി ഉണ്ടാക്കി പ്രതിരോധിക്കാൻ ശ്രമിക്കും. ഇത്തരത്തിൽ അധ്യാപകർ വിദ്യാർഥികളേയും, വിദ്യാർഥികൾ അധ്യാപകരേയും ചൂഷണം ചെയ്യുന്ന സാഹചര്യം സർവകലാശാലയിൽ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹാജർ ഇല്ലാത്ത വിദ്യാർഥിക്ക് പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചപ്പോൾ അധ്യാപകർ സംഘടിച്ച് വിദ്യാർഥിയെ പിന്തുണച്ച സംഭവത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വിദ്യാർഥി ഞായറാഴ്ച ക്ലാസിലെത്തി പ്രാക്ടിക്കൽ സെഷൻ ഉൾപ്പടെ പൂർത്തിയാക്കിയെന്നും ഒരു കുട്ടിക്ക് വേണ്ടി അധ്യാപകർ ഞായറാഴ്ച പ്രത്യേകം ക്ലാസ് എടുത്തുവെന്നുമാണ് അന്ന് അധ്യാപകർ അറിയിച്ചത്. ഞായറാഴ്ച യൂണിവേഴ്‌സിറ്റിക്ക് ഔദ്യോഗിക അവധി ആയിട്ടും ക്ലാസ് എടുത്തെങ്കിൽ അതിന് എന്തുകൊണ്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അനുമതി വാങ്ങിച്ചില്ല എന്നു ചോദിച്ചപ്പോൾ പരീക്ഷ എഴുതാൻ കുട്ടിക്കും അധ്യാപകരായ തങ്ങൾക്കും പ്രശ്‌നമില്ലെങ്കിൽ സാറിനെന്താ പ്രശ്‌നം ഒപ്പിട്ടാൽ പോരെ എന്നാണ് തിരിച്ചു ചോദിച്ചത്. ഹാജർ ഇല്ലാതെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് തീരുമാനം എടുത്തതിൽ വിദ്യാർഥിയുടെ ഭാവി നശിപ്പിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ് പ്രതിഷേധങ്ങൾ ഉയർന്നെന്നും അദ്ദേഹം പറഞ്ഞു. താൻ വൈസ് ചാൻസലർ ആയിരുന്ന കാലത്ത് രാഷ്ട്രീയ സ്വാധീനത്തിൽ ഉളള നിയമനങ്ങൾ ഒഴിവാക്കിയിരുന്നു. റാഗിങ് ഒഴിവാക്കാൻ ഒന്നാം വർഷ വിദ്യാർഥികളെ ക്യാമ്പസിന് പുറത്തുള്ള മറ്റ് ഹോസ്റ്റലുകളിലാണ് താമസിപ്പിച്ചിരുന്നതെന്നും അദ്ദേഹം വിശദമാക്കി.

അഡ്മിനിസ്‌ട്രേഷൻ എടുക്കുന്ന തീരുമാനങ്ങളേയും നടപടികളേയും പ്രതിരോധിക്കാൻ അധ്യാപക വിദ്യാർഥി അനധ്യാപക സംഘടനകൾ ഒരുമിച്ച് നീങ്ങുകയും അത് തടയാതിരിക്കുകയും ചെയ്യുമ്പോൾ അഡ്മിനിസ്‌ട്രേഷന് സ്വതന്ത്രാധികാരം ഇല്ലാതാവുകയും അത് ഇത്തരം കാര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്നും മുൻ വൈസ് ചാൻസർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button