Latest NewsArticleKeralaNewsWriters' Corner

33 മില്യൺ ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാകാനുള്ള സൗകര്യമൊന്നും ക്ലിഫ് ഹൗസിനില്ല

മന്ത്രിമാരുടെ ഔദ്യോഗിക വസതികളും ഓഫീസുകളും

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് മുരളി തുമ്മാരുകുടിയുടെ ഒരു പോസ്റ്റാണ്. കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നും പൊതുവെ ഒരു കാര്യത്തിലും പബ്ലിക് ആയി അഭിപ്രായ സമന്വയം കാണിക്കാറില്ലെങ്കിലും വീടുകളിൽ മരപ്പട്ടി ശല്യം ഉൾപ്പടെയുള്ള വിഷയങ്ങളെപ്പറ്റി രണ്ടുപേരും ഒരുപോലെ പ്രതികരിച്ചത് തനിക്ക് ഇഷ്ടമായെന്നു മുരളി തുമ്മാരുകുടി പറയുന്നു. കൂടാതെ, മുപ്പത്തി മൂന്നു മില്യൺ ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാകാനുള്ള സൗകര്യമൊന്നും ക്ലിഫ് ഹൗസിനില്ലെന്നും അദ്ദേഹം പറയുന്നു.

read also: നടപടി കടുപ്പിച്ച് ഗൂഗിൾ, 10 ജനപ്രിയ ഇന്ത്യൻ മാട്രിമോണി ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

പോസ്റ്റ് പൂർണ്ണ രൂപം

മന്ത്രിമാരുടെ ഔദ്യോഗിക വസതികളും ഓഫീസുകളും

കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നും പൊതുവെ ഒരു കാര്യത്തിലും പബ്ലിക് ആയി അഭിപ്രായ സമന്വയം കാണിക്കാറില്ല. എന്നാൽ അവരവരുടെ വീടുകളിൽ മരപ്പട്ടി ശല്യം ഉൾപ്പടെയുള്ള വിഷയങ്ങളെപ്പറ്റി രണ്ടുപേരും ഒരുപോലെ പ്രതികരിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു. ഈ രണ്ടു വീടുകളിലും പോയിട്ടുള്ള ആളെന്ന നിലക്ക് എനിക്ക് ഒട്ടും അതിശയം തോന്നിയില്ല.

കാര്യം ‘ക്ലിഫ് ഹൌസ്, കന്റോൺമെന്റ് ഹൌസ്’ എന്നൊക്കെയുള്ള പ്രെസ്റ്റീജിയസ് പേരുകളും, പുറത്ത് പോലീസ് കാവലും എല്ലാമുണ്ടെങ്കിലും ഈ വീടുകളുടെ മെയിന്റനൻസ് വളരെ ശോകമാണ്. കേരളത്തിലെ ഏതൊരു ഗ്രാമത്തിലും ഇന്ന് ഇതിനേക്കാൾ കെട്ടിലും മട്ടിലും മികച്ച വീടുകളുണ്ട്. എത്രയോ നന്നായിട്ടാണ് അവയൊക്കെ കൊണ്ടുനടക്കുന്നത്.

1942 ൽ, ഏതാണ്ട് 82 വർഷങ്ങൾക്ക് മുൻപ്, അന്നത്തെ തിരുവിതാംകൂർ ദിവാന് വേണ്ടി നിർമ്മിച്ച കെട്ടിടമാണ് ക്ലിഫ് ഹൗസ്. അക്കാലത്തെ നിർമ്മാണ വസ്തുക്കളും, സാങ്കേതിക വിദ്യയും എല്ലാമാണ് ഉപയോഗിച്ചിട്ടുള്ളത്. പഴയ കെട്ടിടങ്ങൾ നന്നായി കൊണ്ടുനടക്കുക എന്നത് വലിയ ചിലവുള്ള കാര്യമാണ്, ഇക്കാലത്ത് റിസോർട്ടുകാർക്ക് മാത്രം സാധിക്കുന്നതും.

ബ്രൂണെയിലെ രാജാവിന്റെ 1600 മുറികൾ ഉള്ള കൊട്ടാരം മുതൽ സൗത്ത് സുഡാനിലെ പ്രധാനമന്ത്രിയുടെ ഓല മേഞ്ഞ കുടിൽ വരെയുള്ള അനവധി ഔദ്യോഗിക വസതികൾ സന്ദർശിക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ട്.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ മുപ്പത്തി മൂന്നു മില്യൺ ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാകാനുള്ള സൗകര്യമൊന്നും ക്ലിഫ് ഹൗസിനോ നമ്മുടെ മറ്റു മന്ത്രി മന്ദിരങ്ങൾക്കോ ഇല്ല. പ്രത്യേകിച്ചും കോവിഡാനന്തര കാലത്ത് “വർക്ക് ഫ്രം ഹോം” പതിവായ ലോകത്ത്. കേരളത്തിലേക്ക് സാങ്കേതിക സഹകരണത്തിനോ നിക്ഷേപത്തിനോ ആയി വരുന്ന ആളുകൾ കേരളത്തിൻറെ പുരോഗതിയുടേയും കാര്യക്ഷമതയുടേയും എല്ലാം ഭാഗമായിട്ടാണ് ഓഫീസും ഔദോഗിക വസതിയുമൊക്കെ കാണുന്നത്. ഇവിടെ നമുക്ക് കിട്ടുന്നത് C ഗ്രേഡ് മാത്രമാണ്.

ഒരു സുരക്ഷ വിദഗ്ധന്റെ കണ്ണിലൂടെ നോക്കിയാലും ക്ലിഫ് ഹൌസ് ഉൾപ്പടെയുള്ള കെട്ടിടങ്ങൾ വേണ്ടത്ര സ്റ്റാൻഡേർഡ് ഉള്ളവയല്ല. ഇതുവരെ അപകടമോ അക്രമമോ ഉണ്ടാകാത്തതിനാൽ അങ്ങനെ പോകുന്നു എന്ന് മാത്രം. കൂടുതൽ പറയുന്നില്ല, പ്രവചനമാകും.

നമ്മുടെ സെക്രട്ടറിയേറ്റ് എത്രമാത്രം സുരക്ഷയില്ലാത്തതാണ് എന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്. നമ്മുടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ മന്ത്രിമാരുടെ ഒരു ഓഫീസ് പോലും ആധുനിക ഓഫീസിനു വേണ്ട കെട്ടും മട്ടും സാങ്കേതിക സൗകര്യങ്ങളും ഉള്ളവയല്ല.
മന്ത്രിമാരുടെ ഓഫീസും വീടും നിർമ്മിക്കുന്നതിനും പരിഷ്കരിക്കുന്നതിനും ചിലവാക്കുന്ന തുക മന്ത്രിമാരുടെ സ്വകാര്യ ഉപഭോഗം ആണെന്ന നിലയിൽ നമ്മുടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും അങ്ങനെ ജനങ്ങൾ കാണുന്നു എന്ന് ചിന്തിക്കുന്നതും, അത് പ്രതിപക്ഷം മുതലെടുക്കുമോ എന്നുള്ള സംശയവും ഒക്കെയാണ് കാലാനുസൃതമായി ആധുനികമായ ഔദ്യോഗിക വസതികൾ ഉണ്ടാക്കുന്നതിൽ നിന്നും നമ്മുടെ നേതാക്കളെ പിന്തിരിപ്പിക്കുന്നത്. അതുകൊണ്ടാണ് മരപ്പട്ടി മൂത്രമൊഴിക്കുന്നതും പേടിച്ച് അവർക്ക് ജീവിക്കേണ്ടി വരുന്നത്.

നമ്മുടെ മന്ത്രിമാരുടെ ഓഫീസും ഔദ്യോഗിക വസതികളും കൂടുതൽ ആധുനികവും സാങ്കേതികമായി കാര്യക്ഷമവും ആക്കാൻ ചിലവാക്കുന്ന ഒരു തുകയും നഷ്ടമല്ല. ജനാധിപത്യമായ ഒരു സംവിധാനത്തിൽ അതവരുടെ സ്വകാര്യ സ്വത്ത് ഒന്നുമല്ലല്ലോ. പോരാത്തതിന് ഒരു ദുരന്ത, സുരക്ഷാ സാഹചര്യം ഉണ്ടായാൽ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഓഫീസും വീടും “ക്രിട്ടിക്കൽ ഇൻഫ്രാ സ്‌ട്രെച്ചർ” ആണ്. അവിടെ നമ്മുടെ മന്ത്രിമാർ സുരക്ഷിതമായിരിക്കേണ്ടത്, അവർക്ക് നമ്മുടെ ഉന്നത ഉദ്യോഗസ്ഥരുമായി സുരക്ഷിതമായി വാർത്താവിനിമയം നടത്താൻ സൗകര്യമുണ്ടാകേണ്ടത് നമ്മുടെ കണ്ടിൻജൻസി പ്ലാനിങ്ങിന്റെ ഭാഗമായിരിക്കേണ്ടതാണ്. അവിടെ ചെറിയ ലാഭം നോക്കുന്നതും ചിലവിനെ പറ്റി മാധ്യമങ്ങൾ വർത്തയുണ്ടാക്കും എന്നതിന്റെ പേരിൽ ആധുനികമാക്കാതിരിക്കുന്നതും ശരിയല്ല.

ഇപ്പോൾ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇക്കാര്യത്തിൽ തുല്യദുഃഖിതർ ആയതിനാൽ വരുന്ന കാലത്തിന് യോജിച്ച ഓഫീസുകളും ഔദ്യോഗിക വസതികളും ഉണ്ടാക്കാനുള്ള ഒരു മാസ്റ്റർ പ്ലാൻ ചിന്തിച്ചാൽ നന്നായിരിക്കും. ഇപ്പോൾ പലയിടത്തായി കിടക്കുന്ന വസതികൾ കുറച്ചുകൂടി കൺസോളിഡേറ്റ് ചെയ്തു രണ്ടോ മൂന്നോ ക്ലസ്റ്ററുകൾ ആക്കി, ഒരു സുരക്ഷാ വലയത്തിന് ഉള്ളിൽ ആക്കിയാൽ ഏറെ ഓപ്പെറേറ്റിങ്ങ് ചിലവുകൾ കുറയും. അങ്ങനെ ഫ്രീ ആകുന്ന സ്ഥലം മാർക്കറ്റ് വിലക്ക് വിറ്റാൽ തന്നെ ഈ പ്രോജക്ടിനുള്ള പണവും കിട്ടും !

(യു.കെ.യിൽ ഏറെ സ്ഥലമുള്ള ഒരു പഴഞ്ചൻ സർക്കാർ ആശുപത്രി (കുറുക്കൻ ആയിരുന്നു അവിടുത്തെ പ്രധാന ശല്യം) ഒരു പ്രൈവറ്റ് ബിൽഡറുമായുള്ള എഗ്രിമെന്റിൽ മാറ്റി പണി കഴിപ്പിച്ചത് ഞാൻ ഓർക്കുന്നു. ഒരു ആധുനിക ആശുപത്രി നഗരത്തിൽ പണി കഴിപ്പിച്ചതിന് ശേഷം പഴയ ആശുപത്രിയും സ്ഥലവും ബിൽഡർക്ക് വിട്ടുകൊടുത്തു. ഇത്തരത്തിൽ ഉള്ള ക്രിയേറ്റിവ് ആയ എന്തെങ്കിലും സൊല്യൂഷൻ കണ്ടുപിടിച്ചാൽ സർക്കാർ ധൂർത്ത് എന്നും പെൻഷൻ കൊടുക്കാൻ പണമില്ലാത്തപ്പോൾ കൊട്ടാരം പണിതു എന്നുമുള്ള വിമർശനം ഒഴിവാക്കാം, നമ്മുടെ മാധ്യമങ്ങൾ ആയത് കൊണ്ട് മറ്റെന്തെങ്കിലും വിമർശനവുമായി വന്നോളും).
മുരളി തുമ്മാരുകുടി

shortlink

Related Articles

Post Your Comments

Related Articles


Back to top button