Latest NewsKeralaNews

കാട്ടാനയുടെ ചവിട്ടേറ്റ് വയോധിക മരിച്ച സംഭവം: അതിരപ്പള്ളിയിൽ ഇന്ന് കരിദിനം ആചരിക്കും

വത്സയോടുള്ള ആദരസൂചകമായി അതിരപ്പള്ളി വിനോദസഞ്ചാര കേന്ദ്രം ഇന്ന് അടച്ചിടുന്നതാണ്

കാട്ടാനയുടെ ചവിട്ടേറ്റ് അതിരപ്പള്ളിയിൽ വയോധിക മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അതിരപ്പള്ളി സ്വദേശിനി വത്സയാണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്. വയോധികയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ ചാലക്കുടി ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതാണ്. വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി വത്സയും ഭർത്താവ് രാജനും ചേർന്ന് കാട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടയിൽ കൊല്ലത്തിരുമേട് സ്റ്റേഷന് കീഴിലുള്ള നീലപ്പാറ വനമേഖലയിൽ വച്ചാണ് ഇരുവരെയും കാട്ടാന ആക്രമിച്ചത്.

പിന്നിൽ നിന്നെത്തിയ കാട്ടാന വത്സയെ തുമ്പിക്കൈ കൊണ്ട് തള്ളിയിട്ട ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നു. ഭർത്താവ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്നാണ് മൃതദേഹം വനത്തിൽ നിന്ന് പുറത്തെത്തിച്ചത്. സംസ്കാര ചടങ്ങുകൾക്ക് ശേഷം വാഴച്ചാൽ ഡിഎഫ്ഒ ആദ്യഗഡു ധനസഹായമായ 5 ലക്ഷം രൂപ കുടുംബത്തിന് കൈമാറുന്നതാണ്. അതേസമയം, കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് പ്രദേശത്ത് കരിദിനം ആചരിക്കും. കൂടാതെ, വത്സയോടുള്ള ആദരസൂചകമായി അതിരപ്പള്ളി വിനോദസഞ്ചാര കേന്ദ്രം ഇന്ന് അടച്ചിടുന്നതാണ്.

Also Read: കൊച്ചി മെട്രോ: തൃപ്പൂണിത്തുറ ടെർമിനൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button