Latest NewsKeralaNews

വേനല്‍ക്കാലത്ത് ജ്യൂസും വെള്ളവും കടകളില്‍ നിന്ന് വാങ്ങികഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തുന്നതാണ്. ചൂട് കാലമായതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്.

Read Also: രാംലല്ലയുടെ ദിവ്യദർശനം, അയോധ്യയിലെ ആരതി തത്സമയം സംപ്രേഷണം ചെയ്യാനൊരുങ്ങി ദൂരദർശൻ

 

കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി പരിശോധനകള്‍ ശക്തമാക്കും. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളും പരിശോധിക്കുന്നതാണ്. ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

വേനല്‍ കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തില്‍ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. അതിനാല്‍ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന്‍ പാടുള്ളൂ. കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക. ആഹാര സാധനങ്ങള്‍ ചൂടുകാലത്ത് പെട്ടെന്ന് കേടാകുമെന്നതിനാല്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.

 

ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്സലില്‍ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.

അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. കടകളില്‍ നിന്നും വാങ്ങുന്ന കുപ്പിവെള്ളം കുടിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

കുപ്പിവെള്ളം വാങ്ങുന്നവരും വില്‍ക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· കുപ്പിവെള്ളത്തില്‍ ഐഎസ്ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

· പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ല എന്നും ഉറപ്പ് വരുത്തണം.

· കുപ്പിയുടെ അടപ്പിലെ സീല്‍ പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.

· വലിയ കാനുകളില്‍ വരുന്ന കുടിവെള്ളത്തിനും സീല്‍ ഉള്ളതാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

· കടകളില്‍ വെയിലേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങള്‍ വാങ്ങിക്കാതിരിക്കുക.
· കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങള്‍ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ വെയിലേല്‍ക്കുന്ന രീതിയില്‍ കടകളില്‍ തൂക്കിയിടാനും വെയിലേല്‍ക്കുന്ന രീതിയില്‍ വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ട് പോകാനും പാടില്ല.
· ഇത്തരം കുപ്പികളിലെ വെള്ളവും പാനീയങ്ങളും കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button