Latest NewsKerala

ഉത്സവത്തിനിടെ തർക്കം, ചോദ്യംചെയ്യാന്‍ വിളിപ്പിച്ച യുവാവ് സ്റ്റേഷനിൽ മരിച്ച സംഭവം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പെരിന്തല്‍മണ്ണ: പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണു മരിച്ചത് ഹൃദയാഘാതംകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പന്തല്ലൂര്‍ കടമ്പോട് ആലുങ്ങല്‍ മൊയ്തീന്‍കുട്ടിയാണ് (36) മരിച്ചത്.ഏറെക്കാലമായി അസുഖബാധിതനായതിനാല്‍ ഹൃദയത്തിന്റെ ഒരുഭാഗം പ്രവര്‍ത്തനം നിലച്ചനിലയിലായിരുന്നു. എന്നാല്‍, പെട്ടെന്ന് ഹൃദയാഘാതമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച വ്യക്തതയ്ക്ക് കൂടുതല്‍ അന്വേഷണം വേണ്ടിവരും.

പരിശോധനയില്‍ മൊയ്തീന്‍കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ മുറിവുകളോ പാടുകളോ കണ്ടെത്താനായിട്ടില്ല. മഞ്ചേരി മെഡിക്കല്‍കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലാണ് മൃതദേഹപരിശോധന പൂര്‍ത്തിയാക്കിയത്. മൊയ്തീന്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ പോലീസ്സ്റ്റേഷന്‍ ഉപരോധിച്ചു. വൈകീട്ട് അരമണിക്കൂറോളം പാണ്ടിക്കാട് ടൗണില്‍ സംസ്ഥാനപാതയും ഉപരോധിച്ചു.

ഞായറാഴ്ച മലപ്പുറം പാണ്ടിക്കാടിനടുത്ത് പന്തല്ലൂരില്‍ കടമ്പോട് തെക്കുംപാട് മുത്തപ്പന്‍ വേലയുടെ എഴുന്നള്ളിപ്പ് നടക്കുന്നതിനിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മൊയ്തീന്‍കുട്ടിയെയും കടമ്പോട് മൂത്താലി സമീറലിയെയും തിങ്കളാഴ്ച വൈകീട്ട് പാണ്ടിക്കാട് പോലീസ്സ്റ്റേഷനില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. സംഘര്‍ഷത്തിന്റെ വീഡിയോ പോലീസ് ശേഖരിച്ചിരുന്നു. ആനക്കയം പഞ്ചായത്ത് 12-ാം വാര്‍ഡ് അംഗം ജോജോ മാത്യു, കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹി സലീം ഹാജി തുടങ്ങിയവര്‍ക്കൊപ്പം തിങ്കളാഴ്ച വൈകീട്ടോടെ ഇവര്‍ സ്റ്റേഷനിലെത്തി.

കൂടെയുള്ളവരെ മാറ്റിനിര്‍ത്തി പോലീസ് മൊയ്തീന്‍കുട്ടിയെയും സമീറലിയെയും സ്റ്റേഷനുപുറത്തുള്ള മുറിയിലേക്കു കൊണ്ടുപോയി. ഇവിടെനിന്ന് മര്‍ദിക്കുന്നതിന്റെ ശകേട്ടെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. ആ മുറിയില്‍നിന്ന് സ്റ്റേഷനിലേക്കു മാറ്റിയതോടെ വെള്ളം ചോദിച്ച മൊയ്തീന്‍കുട്ടി അല്പസമയത്തിനകം കുഴഞ്ഞുവീണു. ഉടന്‍ പാണ്ടിക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇ.സി.ജി. പരിശോധനയും രക്തപരിശോധനയും കഴിഞ്ഞ് വിദഗ്ധചികിത്സയ്ക്കായി രാത്രി എട്ടോടെ പോലീസ് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെത്തിച്ചു.

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളുമായാണ് അത്യാഹിതവിഭാഗത്തില്‍ മൊയ്തീന്‍കുട്ടിയെ എത്തിച്ചതെന്നും ആന്‍ജിയോഗ്രാം പരിശോധനയില്‍ ഗുരുതരമായ ബ്ലോക്കുകള്‍ കണ്ടെത്തിയതായും ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. മാത്യു പോള്‍ പറഞ്ഞു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മരിച്ചു.പ്രഥമവിവര റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി ബന്ധുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മൃതദേഹം കൊണ്ടുപോകാന്‍ അനുവദിച്ചില്ല.തുടർന്ന് നേതാക്കൾ ജില്ലാ പോലീസ് മേധാവിയുമായി ഫോണില്‍ സംസാരിച്ചതില്‍ ലഭിച്ച ഉറപ്പിനെത്തുടര്‍ന്നാണ് ഉച്ചയ്ക്ക് 1.10-ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചത്.

പെരിന്തല്‍മണ്ണ സബ്കളക്ടര്‍ അപൂര്‍വ തൃപദിയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ടി.കെ. യഹിയയുടെ സാന്നിധ്യത്തില്‍ മൃതദേഹപരിശോധന നടത്തി. രാത്രിയോടെ മുടിക്കോട് ജുമാമസ്ജിദ് കബറിസ്ഥാനില്‍ കബറടക്കി. മൊയ്തീന്‍കുട്ടിയുടെ പിതാവ്: മുഹമ്മദ്. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ഹസീന. മക്കള്‍: അല്‍ഹാന്‍, അന്‍ഹ. സഹോദരങ്ങള്‍: ഉസ്മാന്‍, ഹമീദ്, അബ്ദുറഹ്മാന്‍, ആരിഫ്, ഫാത്തിമ, ഉമ്മുക്കുല്‍സു, ഷാഹിന.

shortlink

Related Articles

Post Your Comments

Related Articles


Back to top button