KeralaLatest News

മരുന്നുനൽകിയ വകയിൽ നൽകാനുള്ളത് 75 കോടി രൂപ കുടിശ്ശിക, കോഴിക്കോട് മെഡിക്കൽ കോളേജില്‍ ഡയാലിസിസ് നിലച്ചു

കോഴിക്കോട്: മരുന്നുവിതരണം നിലച്ചിട്ട് ഒരാഴ്ച പിന്നിട്ടതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയാലിസിസ് പൂർണമായി നിലച്ചു. ഡയാലിസിസ് ചെയ്യുന്നതിനുള്ള മരുന്നും അനുബന്ധ ഉപകരണങ്ങളും പുറത്തുനിന്ന് വാങ്ങിനൽകുന്നവർക്കുമാത്രമാണ് നിലവിൽ ഡയാലിസിസ് ചെയ്യുന്നത്. ആശുപത്രിയിലെ ഫാർമസിയിൽ പല മരുന്നും കിട്ടാതായതോടെ ആളുകൾക്ക് കൂടുതലും പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയുണ്ട്.

എന്നാൽ, പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് പ്രശ്നം പരിഹരിക്കാൻ യാതൊരുവിധ ഇടപെടലും ഉണ്ടായിട്ടില്ല. വലിയതുക മരുന്നുകമ്പനികൾക്ക് കുടിശ്ശികയുള്ളതിനാൽ സർക്കാർ ഫണ്ടനുവദിക്കാതെ മെഡിക്കൽ കോളേജ് അധികൃതർക്ക് വിഷയത്തിൽ ഒന്നുംചെയ്യാനാവാത്ത സ്ഥിതിയാണ്. ആദിവാസിവിഭാഗത്തിലുള്ള രോഗി കാൻസർ ശസ്ത്രക്രിയ കഴിഞ്ഞ് മരുന്നുകിട്ടാതെ ആറുദിവസമായി പുറത്തുനിന്ന് വാങ്ങുകയാണെന്ന് കൂട്ടിരിപ്പുകാർ പറഞ്ഞു.

കാൻസർ മരുന്നുകൾ പുറത്തുനിന്ന് വാങ്ങാൻ വലിയതുകയാണ് വേണ്ടിവരുന്നതെന്ന് രോഗികൾ പറഞ്ഞു. ആശുപത്രിയിൽ സ്റ്റോക്കുള്ള ശസ്ത്രക്രിയാ ഉപകരണങ്ങളും പലതും തീർന്ന സ്ഥിതിയാണ്. ഹൃദ്രോഗചികിത്സയുടെ ഭാഗമായുള്ള വാൽവുകൾക്കും ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. മറ്റ് വിവിധവിഭാഗങ്ങളെയും മരുന്ന്, ഉപകരണ ക്ഷാമം ബാധിച്ചുതുടങ്ങിയിട്ടുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്നുനൽകുന്നുണ്ടെങ്കിലും ഇവരുടെ കൈവശം എല്ലാ മരുന്നുകളും ഇല്ലാത്തതും പ്രശ്നമാകുന്നുണ്ട്.

എന്നാൽ, രൂക്ഷമായ പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. മരുന്നുനൽകിയ വകയിൽ ലഭിക്കാനുള്ള 75 കോടി രൂപ കുടിശ്ശികയായതോടെയാണ് വിതരണക്കാർ മരുന്നുവിതരണം നിർത്തിയത്. ജീവൻരക്ഷാമരുന്നുകൾക്കുപുറമേ ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഫ്ളൂയിഡുകൾ എന്നിവയുടെ വിതരണവും നിർത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button