KeralaLatest NewsIndia

ആശാവർക്കർമാരുടെ ശമ്പളം കേരളാ ബാങ്ക് വഴിയാക്കിയത് അവരെ പെരുവഴിയിൽ ആക്കാൻ, കാരണങ്ങൾ നിരത്തി സന്ദീപ് വാചസ്പതി

കേന്ദ്ര സർക്കാർ നൽകുന്ന ആശാവർക്കർമാരുടെ ശമ്പളം മുടങ്ങില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് അവരുടെ ശമ്പളം കേരളാ ബാങ്ക് വഴി ആക്കുന്നതെന്നും കേരളാ ബാങ്കിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ ശ്രമമെന്നും വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിമർശനം.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

ആശാവർക്കർമാരുടെ ശമ്പളം കേരളാ ബാങ്ക് വഴിയാക്കി അവരെ പെരുവഴിയിൽ ആക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം. ദേശസാത്കൃത ബാങ്കുകൾ വഴി ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്ന ശമ്പളം കേരളാ ബാങ്കിലേക്ക് ആക്കുന്നത് സാധാരണക്കാരുടെ വയറ്റത്ത് അടിക്കാനാണ്. റിസർവ് ബാങ്കിൻ്റെ താത്കാലിക ലൈസൻസിൽ പ്രവർത്തിക്കുന്ന കേരള ബാങ്ക് നബാർഡ് അന്വേഷണം നേരിടുകയും ചെയ്യുന്നുണ്ട്.

അഴിമതി മൂലം തകർന്ന പല പ്രാഥമിക സഹകരണ സൊസൈറ്റികൾക്കും രാഷ്ട്രീയ പരിഗണന മാത്രം നോക്കി നൂറ് കണക്കിന് കോടി രൂപയാണ് കേരള ബാങ്ക് നൽകിയിരിക്കുന്നത്. ഈ സൊസൈറ്റികൾ ഒന്നും തന്നെ പണം തിരിച്ചടയ്ക്കില്ല എന്ന കാര്യം ഉറപ്പാണ്. ഇത് കേരള ബാങ്കിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. അതോടെ ഈ പാവപ്പെട്ട ആശാവർക്കർമാരുടെ ശമ്പളവും വെള്ളത്തിലാകും.

കേന്ദ്ര സർക്കാർ നൽകുന്ന ആശാവർക്കർമാരുടെ ശമ്പളം മുടങ്ങില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് അവരുടെ ശമ്പളം കേരളാ ബാങ്ക് വഴി ആക്കുന്നത്. കേരളാ ബാങ്കിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ ശ്രമമെങ്കിൽ അതിന് പാവപ്പെട്ട തൊഴിലാളികളെ ബലിയാടാക്കരുത്. തൻ്റേടം ഉണ്ടെങ്കിൽ ഈ ഉപദേശം നൽകിയ ഐ.എ.എസുകാർ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം കേരള ബാങ്ക് അക്കൗണ്ട് വഴി ആക്കണം. അല്ലാതെ അത്താഴപ്പട്ടിണിക്കാരുടെ കഞ്ഞിയിൽ പാറ്റ ഇടുകയല്ല ചെയ്യേണ്ടത്. ദേശസാത്കൃത ബാങ്കിൽ നിന്ന് കിട്ടുന്നതിൽ കൂടുതൽ എന്ത് സേവനമാണ് കേരള ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാൽ കിട്ടുന്നത്? എന്ത് അധിക സേവനത്തിനാണ് ഇവരുടെ ബാങ്ക് മാറ്റുന്നത് എന്ന് സർക്കാർ വ്യക്തമാക്കണം.
…….
ബഹുമാനപ്പെട്ട ആശാവർക്കർമാരോട് ഒരു അപേക്ഷ. മധുരം പുരട്ടിയ വിഷമാണ് നിങ്ങളോട് വിഴുങ്ങാൻ പറയുന്നത്. ആ കെണിയിൽ വീഴരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button