KeralaLatest News

സ്വന്തം പറമ്പിൽനിന്ന് തേങ്ങയിടുന്നതിന് സിപിഎം വിലക്ക്, തൊഴിലാളിയുടെ കത്തി പിടിച്ചെടുത്തു: ഡിവൈഎസ്പിക്ക് പരാതി

കാസർഗോഡ് : സ്വന്തം പറമ്പിൽനിന്ന് തേങ്ങയിടുന്നതിന് സിപിഎം പ്രവർത്തകർ വിലക്കേർപ്പെടുത്തിയെന്ന പരാതിയുമായി വയോധിക. കാസർകോട് ജില്ലയിലെ നീലേശ്വരം പാലായിയിലെ എം.കെ. രാധയാണ് സിപിഎം പ്രവർത്തകർ തന്റെ പറമ്പിലെ തേങ്ങയിടുന്നതിന് തടസ്സം നിൽക്കുന്നു എന്ന ആരോപണവുമായി രം​ഗത്തെത്തിയത്. ശനിയാഴ്ച പടന്നക്കാട്ടെ തെങ്ങുകയറ്റ തൊഴിലാളിയെത്തി തെങ്ങിൽ കയറുന്നത് സിപിഎം പ്രവർത്തകർ തടയുകയും തൊഴിലാളിയുടെ കത്തി പിടിച്ചെടുക്കുകയും ചെയ്തു എന്നാണ് ആരോപണം.

ഇക്കാര്യം ചൂണ്ടിക്കാട്ടി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.ക്ക് പരാതി നൽകി. ആറ് സി.പി.എം. പ്രവർത്തകരുൾപ്പെടെ ഏഴുപേർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.പാലായി റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട് 2016 മുതൽ പ്രദേശത്ത് പ്രശ്നം നിലവിലുണ്ട്. അപ്രോച്ച് റോഡ് നിർമാണത്തിൽ സ്ഥലം വിട്ടുനൽകാത്തതാണ് പ്രശ്നത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് കേസുകളുമുണ്ട്. ഇതിനിടയിലാണ് ശനിയാഴ്ച രാവിലെ രാധ തൊഴിലാളിയുമായെത്തി തേങ്ങയിടാൻ ശ്രമിച്ചത് പ്രദേശത്തെ സി.പി.എം. പ്രവർത്തകർ തടഞ്ഞത്.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി സിപിഎം രംഗത്തെത്തി. പാലായിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന്‌ സി.പി.എം. പേരോൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അറിയിച്ചു. പാലായിയിലെയും പരിസര പ്രദേശങ്ങളിലെയും പറമ്പുകളിൽ തേങ്ങ പറിക്കുന്നത് ഇവിടത്തെ തൊഴിലാളികളാണ്. പുറമേനിന്ന് തൊഴിലാളികൾ വന്നത് നാട്ടിലെ തൊഴിലാളികൾ തടഞ്ഞു. ചോദ്യംചെയ്ത തൊഴിലാളികളെ അസഭ്യം പറഞ്ഞു. ആ ഘട്ടത്തിലാണ് നാട്ടുകാരുടെ സ്വാഭാവിക പ്രതികരണമുണ്ടായത്.

പാലായി ഷട്ടർ കം ബ്രിഡ്ജ് പദ്ധതി നടപ്പാക്കുമ്പോൾ അതിന് തുരങ്കം വെക്കാൻ 2012 മുതൽ നാട്ടുകാർക്കെതിരേ കള്ളക്കേസുകൾ നൽകി വികസനത്തിന്‌ തടസ്സം നിൽക്കുകയാണ് കുടുംബം. കേസുകൾ കോടതി തള്ളിയതോടെയാണ് വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്-ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. മനോഹരൻ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button