Latest NewsIndia

ടിആർഎസിൽ നിന്ന് തെലങ്കാന ഉപേക്ഷിച്ചതോടെ തെലങ്കാന കൈവിട്ടു, ബിആർഎസിൽ നിന്ന് ഭാരത് മാറ്റി പഴയ പേര് ആക്കാൻ കെസിആർ

ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാർട്ടിയുടെ പഴയ പേര് വീണ്ടെടുക്കാൻ തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. മോദിക്കെതിരെ ദേശീയ തലത്തിൽ പാർട്ടിയെ വ്യാപിപ്പിക്കാനായി തെലങ്കാന രാഷ്ട്രസമിതിയെ ഭാരത് രാഷ്ട്രസമിതി എന്ന് പേര് മാറ്റിയിരുന്നു. എന്നാൽ, ഇതിന് പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ പരാജയമാണ് പാർട്ടി ഏറ്റുവാങ്ങിയത്.

തെലങ്കാനയിൽ ഭരണം നഷ്ടമായി എന്ന് മാത്രമല്ല, നിയമസഭയിൽ ആകെയുള്ള 119 സീറ്റിൽ 39 സീറ്റുകൾ മാത്രമാണ് ബിആർഎസിന് ലഭിച്ചത്. ഇതോടെയാണ് പേര് മാറ്റി പാർട്ടിയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ കെസിആർ നീക്കം തുടങ്ങിയത്. തെലങ്കാന സംസ്ഥാനം യാഥാർഥ്യമാക്കിയതിന്റെ പേരിലാണ് പാർട്ടി അടിത്തറ സൃഷ്ടിച്ചത്. ബിആർഎസ് എന്നു പേരുമാറ്റിയതോടെ പാർട്ടിയുടെ ആത്മാവ് ചോർന്നുപോയതായാണു കണ്ടെത്തൽ.

‘തെലങ്കാന എന്നതാണ് ഞങ്ങളുടെ വ്യക്തിത്വം. അതെന്തിന് ഉപേക്ഷിക്കണം?’ പാർട്ടി നേതാവായ ബി.വിനോദ് കുമാർ ചോദിക്കുന്നു. കെ. ചന്ദ്രശേഖരറാവുവിനും ഇതേ അഭിപ്രായമാണെന്നാണ് വിവരം. ദേശീയ രാഷ്ട്രീയത്തിൽ വളരുക എന്ന ലക്ഷ്യത്തോടെ 2022ൽ ആണ് പേരി‍ൽ നിന്ന് തെലങ്കാന മാറ്റി ഭാരത് എന്നു ചേർത്തത്. പേരുമാറ്റം തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിക്കുകയും ചെയ്തു.

പാർട്ടി അണികൾ തന്നെ തെലങ്കാന എന്ന വാക്ക് ഉപേക്ഷിച്ചത് എന്തുകൊണ്ട് എന്നു ചോദിക്കുന്നുവെന്നാണു നേതൃത്വം പറയുന്നത്. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് പേരുമാറ്റം സാധ്യമായേക്കില്ല. നിയമപരമായി പ്രശ്നങ്ങളുണ്ടെങ്കിൽ സംസ്ഥാനത്ത് ടിആർഎസ് എന്നും മറ്റിടങ്ങളിൽ ബിആർഎസും എന്ന് പേരുപയോഗിക്കാനാവുമോ എന്നും പാർട്ടി പരിശോധിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബിജെപിയിലേക്കും കോൺഗ്രസിലേക്കും നേതാക്കൾ ഒഴുകാൻ തുടങ്ങി. എൻഡിഎയിലോ ഇന്ത്യാസഖ്യത്തിലോ ചേരാതെ നിലനിൽപില്ലെന്ന അവസ്ഥയിലാണ് പാർട്ടി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 17 സീറ്റിൽ 9 എണ്ണം പാർട്ടി നേടിയിരുന്നു. ഇത്തവണ ആ വിജയം ആവർത്തിക്കാനുള്ള ആത്മവിശ്വാസം പാർട്ടിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button