KeralaLatest News

നിയമോപദേശം തേടാതെ 33 പേരുടെ സസ്പെൻഷൻ ഒറ്റയടിക്ക് പിൻവലിച്ചു: പൂക്കോട് സര്‍വകലാശാല വിസിയുടെ രാജി ഗവർണറുടെ അതൃപ്തി മൂലം

കൽപറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.സി ശശീന്ദ്രന്റെ രാജിക്ക് പിന്നിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അതൃപ്തിയെന്ന് സൂചന. റാഗിങ്ങിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് താൽക്കാലികമായി പുറത്താക്കപ്പെട്ട 33 വിദ്യാർഥികളുടെ സസ്പെൻഷൻ വിസി ഒറ്റയടിക്കു പിൻവലിച്ചതാണ് ഗവർണറുടെ അതൃപ്തിക്ക് പിന്നിലെ കാരണം.

സംഭവത്തിൽ ഗവർണർ വിസിയിൽനിന്ന് രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണു വിവരം.ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടു മുൻ വിസി ഡോ.എം.ആർ.ശശീന്ദ്ര നാഥിനെ ഗവർണർ പുറത്താക്കിയിരുന്നു. പിന്നാലെ ശശീന്ദ്രനു ചുമതല നൽകുകയായിരുന്നു. സർവകലാശാലയിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അറിയിച്ചാണു ശശീന്ദ്രൻ ചുമതലയേറ്റത്. ഹോസ്റ്റലുകളിൽ സിസിടിവി സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

ഇതിനിടെയാണു കഴിഞ്ഞ ദിവസം 33 വിദ്യാർഥികൾക്കെതിരായ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി വിസി റദ്ദാക്കിയത്. സിദ്ധാർഥിനെതിരായ ആൾക്കൂട്ട വിചാരണയിൽ നേരിട്ടു പങ്കാളികളാകുകയോ കുറ്റകൃത്യം അധികൃതരിൽനിന്ന് മറച്ചുവയ്ക്കുകയോ ചെയ്ത വിദ്യാർഥികൾക്കെതിരെയാണ് ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആന്റി റാഗിങ് കമ്മിറ്റി നടപടിയെടുത്തത്. 31 പേരെ കോളജിൽനിന്നു പുറത്താക്കുകയും ഹോസ്റ്റലിലുണ്ടായിരുന്ന 90 പേരെ ഏഴു ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

എന്നാൽ സസ്പെൻഷൻ നടപടി നേരിട്ടവർ നൽകിയ അപ്പീലിൽ സീനിയർ ബാച്ചിലെ 2 പേരുൾപ്പെടെ 33 വിദ്യാർഥികളെ വിസി തിരിച്ചെടുത്തു. സർവകലാശാലയുെട ലോ ഓഫിസറിൽനിന്ന് നിയമോപദേശം തേടിയശേഷം മാത്രമേ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി റദ്ദാക്കാനാകൂ. എന്നാൽ സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരനായ വിദ്യാർഥിയെ സംരക്ഷിക്കാനാണു വിസി ധൃതിപിടിച്ചു തീരുമാനം കൈക്കൊണ്ടത്. സർവകലാശാല ശിക്ഷയിൽ ഇളവ് നൽകുന്നത് നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്കുൾപ്പെടെ സഹായകമാകുമെന്നാണു നിയമവിദഗ്ധർ പറഞ്ഞത്.

മൂന്നു ദിവസം വെള്ളം പോലും കൊടുക്കാതെ സിദ്ധാർഥനെ ക്രൂരമായി മർദിച്ച സംഭവം ഡീൻ ഉൾപ്പെടെയുള്ളവർ ഒതുക്കിവയ്ക്കാൻ ശ്രമിച്ചിരുന്നു. സംഭവം പുറത്തറിഞ്ഞതോടെയാണു ഗവർണർ വിസിയായിരുന്ന ശശീന്ദ്ര നാഥിനെ പുറത്താക്കിയത്. തുടർന്ന് ശശീന്ദ്രനെ നിയമിക്കുകയായിരുന്നു. എന്നാൽ ശശീന്ദ്രനും പ്രതികൾക്കു രക്ഷപ്പെടാൻ പഴുതൊരുക്കുന്ന നീക്കമുണ്ടായതോടെയാണു ഗവർണർ വീണ്ടും ഇടപെട്ടത്.

‌സിദ്ധാര്‍ഥന്‍ മരിച്ച സംഭവത്തിൽ കോളജിനും ഹോസ്റ്റൽ അധികൃതർക്കും ഉണ്ടായ വീഴ്ചകൾ പരിശോധിക്കാൻ നാലംഗ കമ്മിഷനെ ശശീന്ദ്രൻ നിയമിച്ചിരുന്നു. കമ്മിഷൻ മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി. വീഴ്ചകളുണ്ടായെന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ കോളജ് ഡീന്‍ എം.കെ.നാരായണനെയും അസിസ്റ്റന്റ് വാര്‍ഡൻ ആർ.കാന്തനാഥനെയും ശശീന്ദ്രൻ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ശശീന്ദ്രനും രാജിവയ്ക്കേണ്ടി വന്നിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button