Latest NewsNewsIndia

ബിജെപിയുടെ അനുബന്ധ സംഘടനയാണോ തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് ചോദ്യം ചെയ്ത് ആംആദ്മി മന്ത്രി അതിഷി

ന്യൂഡല്‍ഹി: ആംആദ്മി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി മര്‍ലേനയ്ക്ക് ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസയച്ചു. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഇഡിയെ ഉപയോഗിച്ച് തന്നെയും മറ്റ് മൂന്ന് ആംആദ്മി നേതാക്കളെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി അതിഷി ആരോപിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്നതും സ്ഥിരീകരിക്കാത്തതുമായ പ്രസ്താവനകള്‍ നടത്തി എന്നാരോപിച്ച് ബിജെപി നല്‍കിയ പരാതിയിന്‍മേലാണ് അതിഷിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്.ഏപ്രില്‍ എട്ടിന് ഉച്ചയ്ക്ക് മുമ്പായി തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി സമര്‍പ്പിക്കണം.

Read Also: ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട യുവാവിനൊപ്പം കെ.കെ ശൈലജയുടെ ഫോട്ടോ: സിപിഎമ്മിന് തിരിച്ചടി

സ്ഥിരീകരിക്കാനാകാത്തതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ മാര്‍ച്ച് ഒന്നിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിരുന്നു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞടുപ്പ് കമ്മീഷന് അതിഷിക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കും. ദേശീയ പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷിയുടെ വാക്കുകളെ ജനം വിശ്വസിക്കുമെന്നും അത് പ്രചാരണത്തെ ബാധിക്കുമെന്നും കമ്മീഷന്‍ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു ആരോപണമുന്നയിക്കുമ്പോള്‍ സാധൂകരിക്കാന്‍ കഴിയുന്ന തെളിവുകളും ഹാജരാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതിഷിക്ക് അയച്ച നോട്ടീസില്‍ പറയുന്നു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിഷയം ഗൗരവപരമായി പരിശോധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിഷി രംഗത്തെത്തി. ബിജെപിയുടെ ആക്ഷേപകരമായ പ്രചാരണ പോസ്റ്ററുകളില്‍ പരാതി ഉന്നയിച്ച് നിരവധിതവണ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി അയച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. കാരണംകാണിക്കല്‍ നോട്ടീസ് തനിക്ക് ലഭിക്കുന്നതിന് മുമ്പ് തന്നെ ബിജെപി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതായും അതിഷി ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് കേന്ദ്ര ഏജന്‍സികള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതും കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതും. അപ്പോള്‍ എന്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയക്കാതിരുന്നതെന്ന് അതിഷി ചോദിച്ചു.

ബിജെപിയുടെ അനുബന്ധ സംഘടനയായിട്ടാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിഷി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച നോട്ടീസിന് മറുപടി നല്‍കുമെന്ന് പറഞ്ഞ അതിഷി ഇന്ത്യയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രതീക്ഷിക്കുന്ന നിഷ്പക്ഷതയും കക്ഷിപക്ഷപാതമില്ലായ്മയെയും തെരഞ്ഞെടുപ്പ് കമ്മീഷനെ ഓര്‍മ്മപ്പെടുത്തുമെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button