Latest NewsKeralaNews

നവീന്റെ ഭ്രാന്തന്‍ ആശയങ്ങള്‍ ദേവി വിശ്വസിച്ചു, ആര്യയെ മാനസിക അടിമയാക്കി: പൊലീസ് പറയുന്നതിങ്ങനെ

തിരുവനന്തപുരം: പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുന്‍പ് പുനര്‍ജനിച്ച് അന്യഗ്രഹത്തില്‍പോയി ജീവിക്കണമെന്നും അരുണാചലില്‍ ജീവനൊടുക്കിയവര്‍ വിശ്വസിച്ചിരുന്നതെന്ന് പൊലീസ്. ഈ ചിന്ത മറ്റുള്ളവരിലേക്ക് എത്തിച്ചത് ജീവനൊടുക്കിയ നവീന്‍ തന്നെയെന്നും പൊലീസ് വ്യക്തമാക്കുന്നു. പര്‍വതാരോഹണത്തിന് നവീന്‍ തയ്യാറെടുത്തതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. മൂവരുടേയും കഴിഞ്ഞ നാലു വര്‍ഷത്തെ ജീവിതചര്യകള്‍ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Read Also: വീണ്ടും ആളെക്കൊല്ലി ബൈക്ക് റേസിങ്: കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു, രണ്ട് മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഒരു നാള്‍ പ്രളയം വരും, ലോകം നശിക്കും, അന്ന് ഉയരമേറിയ പ്രദേശത്ത് ജീവിച്ചാല്‍ മാത്രമേ ജീവന്‍ സംരക്ഷിക്കാന്‍ കഴിയൂ എന്നായിരുന്നു നവീന്റെ വിശ്വാസം. ഈ ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത മറ്റൊരു ലോകമുണ്ടെന്നും അവിടെ പുനര്‍ജനിക്കണമെന്നുമായിരുന്നു നവീന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അരുണാചലിലെ ഈസ്റ്റ്കാമെങ് ജില്ലയില്‍ നവീനും ഭാര്യയും പോയിരുന്നു. ഇവിടെ ബുദ്ധ വിഹാരങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.

പര്‍വതത്തിന് മുകളിലെ ജീവിതത്തെ കുറിച്ചും നവീന്‍ തിരക്കിയിരുന്നു. തിരിച്ചെത്തിയ നവീന്‍ പര്‍വതാരോഹണം നടത്താനുള്ള വസ്ത്രങ്ങള്‍, ആയുധങ്ങള്‍, ടെന്റ്, പാത്രങ്ങള്‍ എന്നിവ ഓണ്‍ലൈനായി വാങ്ങി. ഇതെല്ലാം നവീന്റെ കാറില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു. പര്‍വതമുകളിലെ ജീവിതത്തിനുമപ്പുറം പുനര്‍ജന്മത്തിനായി ജീവിതം അവസാനിപ്പിക്കുക എന്ന ചിന്തയില്‍ മാത്രമാണ് മൂവരും അരുണാചലിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.

തന്റെ ചിന്തകള്‍ അടുത്ത ചില സുഹൃത്തുക്കളോടും നവീന്‍ പങ്കുവെച്ചിരുന്നു. പക്ഷെ നവീന്റെ ചിന്തയില്‍ വിശ്വസിച്ചത് ഭാര്യ ദേവിയായിരുന്നു. ദേവി വഴിയാണ് ആര്യയിലേക്ക് ഈ ചിന്ത വന്നതെന്നാണ് പൊലീസിന്റെ നിഗമനം. തന്റെ വിശ്വാസത്തോടൊപ്പം നിന്ന ഭാര്യയെയും സുഹൃത്തിനെയും നവീന്‍ മാനസിക അടിമയാക്കി.

നവീന് ഈ ആശയങ്ങള്‍ ആരു പറഞ്ഞു കൊടുത്തു, ഇമെയില്‍ സന്ദേശത്തിന് പിന്നില്‍ മറ്റാരെങ്കിലുമാണോ എന്നതാണ് പൊലീസ് ഇനി പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നവീന്‍, ദേവി, ആര്യ എന്നിവരുടെ വീടുകളില്‍ വിശദമായ പരിശോധനയാണ് പൊലീസ് നടത്തിയത്. ബന്ധുക്കളില്‍ നിന്ന് മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഡിസിപി നിധിന്‍ രാജിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണ സംഘത്തിന്റെ യോഗം ഇക്കാര്യങ്ങള്‍ പരിശോധിച്ചു. മരിച്ച മൂന്ന് പേരുടെ നാലു വര്‍ഷത്തെ ജീവിതചര്യകള്‍ പരിശോധിക്കാനാണ് ഇപ്പോള്‍ പൊലീസ് തീരുമാനം. ഇക്കാര്യത്തില്‍ മനോരോഗ വിദഗ്ധരുടെ സഹായവും അന്വേഷണ സംഘം തേടും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button